കൊച്ചി: റോഡിൽ പൈപ്പ് നന്നാക്കാനെടുത്ത കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു. രാവിലെ ജോലിക്ക് പോകുകയായിരുന്ന വെള്ളാപ്പിളളി സ്വദേശി ചിഞ്ചുവിനാണ് പരിക്കേറ്റത്.
ശ്രീമൂലനഗരം എം എൽ എ റോഡിൽ പൈപ്പ് നന്നാക്കാനെടുത്ത കുഴിയിൽ വാഹനം വീണ് തെറിച്ച് വീഴുകയായിരുന്നു. യുവതിയുടെ കാലിലെ എല്ലിന് പൊട്ടലുണ്ട്. കൈയിലും കാലിനും ചെറിയ പരിക്കുണ്ട്. ഒരു മാസത്തോളമായി എം എൽ എ റോഡിൽ അപകടകരമായ നിലയിൽ ഈ കുഴി ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
അതിനിടെ കൊച്ചിയിൽ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്.
രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു കുട്ടി. യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനി പരിസരത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി കുഴിയിൽ വീണത്. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.