തിരുവനന്തപുരം: നക്സലൈറ്റ് നേതാവ് എ വർഗീസ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ദൃക്സാക്ഷിയായ റിട്ടയേർഡ് കോൺസ്റ്റബിൾ തൊളിക്കോട് പതിനെട്ടാംകല്ല് എഎംഎച്ച് മൻസിലിൽ എ. മുഹമ്മദ് ഹനീഫ (83)അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
വർഗീസിനെ ഡിവൈഎസ്പി കെ ലക്ഷ്മണയുടെ നിർദേശപ്രകാരം വെടിവെച്ചു കൊന്നതിന് ദൃക്സാക്ഷിയാണെന്ന നിർണായക മൊഴി നൽകിയത് മുഹമ്മദ് ഹനീഫയായിരുന്നു. വയനാട് തിരുനെല്ലി കാട്ടിൽ നക്സലൈറ്റുകളെ പിടികൂടാൻ നിയോഗിക്കപ്പെട്ട സിആർപിഎഫ് ദൗത്യ സംഘത്തിലെ അംഗമായിരുന്നു ഹനീഫ.
1970 ഫെബ്രുവരി 18നാണ് വർഗീസിനെ പിടികൂടിയത്. വർഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ ഔദ്യോഗിക വിശദീകരണം. എന്നാൽ 29 വർഷങ്ങൾക്ക് ശേഷം 1998 ൽ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിലൂടെയാണ് വ്യാജ ഏറ്റുമുട്ടൽ ലോകം അറിയുന്നത്.
You may also like:അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തിൽപിടികൂടിയ വർഗീസിനെ മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ തിരുനെല്ലിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡിഐജി വിജയനും ഡിവൈഎസ്പി ലക്ഷ്മണയും നിർദേശിച്ചു. തിരുനെല്ലിയിൽ നിന്ന് വർഗീസിനെ ഉൾക്കാട്ടിലേക്ക് കൊണ്ടുപോകാൻ നാല് കോൺസ്റ്റബിൾമാരോട് പറഞ്ഞു. ഇതിൽ ഒരാളായിരുന്നു ഹനീഫ. ഉൾകാട്ടിൽ വെച്ച് വർഗീസിനെ വെടിവെച്ചു കൊല്ലാൻ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരോട് ആവശ്യപ്പെട്ടു. ഡിഐജി വിജയന്റേയും ഡിവൈഎസ്പി ലക്ഷ്മണയുടേയും നിർദേശപ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്നായിരുന്നു രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ.
ഈ വെളിപ്പെടുത്തലോടെ പുനരന്വേഷണവും എറണാകുളം സിബിഐ കോടതിയിൽ കേസും വന്നു. ഇതിനിടയിൽ രാമചന്ദ്രൻ നായർ അടക്കം മൂന്ന് റിട്ടയേർഡ് കോൺസ്റ്റബിൾമാരും മരിച്ചു. ഇതോടെ ജീവിച്ചിരിക്കുന്ന ദൃക്സാക്ഷിയായ ഹനീഫയോട് മൊഴി നൽകാൻ കോടതി നിർദേശിച്ചു. വർഗീസിനെ വെടിവെച്ചു കൊല്ലുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് ഹനീഫ മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ആത്തുക്ക ബീവിയാണ് ഭാര്യ. മക്കൾ: ഷുഹുറുദ്ദീൻ, താഹിറ ബീവി, നസീറ ബീവി, മുഹമ്മദ്. മരുമക്കൾ: റാജില, ഷാഫി, ബഷീർ, റജീന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.