HOME » NEWS » Kerala » A VIJAYARAGHAVAN AGAINST UDF JAMAAT E ISLAMI ALLIANCE TV ABS NJ

ജമാഅത്തെ ഇസ്ലാമി ബന്ധത്തോടെ കോൺഗ്രസിന്റെ തകർച്ച പൂർത്തിയാകും: എ വിജയരാഘവന്‍

ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കിയത് കൊണ്ട് കേരളത്തിന് ഒരു നന്മയും ഉണ്ടായിട്ടില്ലെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി

News18 Malayalam | news18-malayalam
Updated: December 8, 2020, 2:10 PM IST
ജമാഅത്തെ ഇസ്ലാമി ബന്ധത്തോടെ കോൺഗ്രസിന്റെ തകർച്ച പൂർത്തിയാകും: എ വിജയരാഘവന്‍
എ. വിജയരാഘവൻ
  • Share this:
കോഴിക്കോട്: യുഡിഎഫ് വെൽഫെയർ പാർട്ടി സഖ്യത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഈ സഖ്യം ഉപകരിക്കൂ. ജയിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെന്ന് വിജയരാഘവന്‍ കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ആരോപിച്ചു.

എംഎം ഹസന്‍ യുഡിഎഫ് കണ്‍വീനര്‍ ആയിട്ട് ആദ്യം ചെയ്തത് ജമാഅത്തെ ഇസ്ലാമി അമീറിന്‍റെ വാതിലില്‍ മുട്ടുകയായിരുന്നു. ഇത് രാഷ്ട്രീയ മാന്യതയല്ലെന്ന് തിരിച്ചറിയണം. സ്വന്തം നയം ജനങ്ങളോട് തുറന്ന് പറയാനാവാത്ത അവസ്ഥയിലാണ് യുഡിഎഫ്.  ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തോടെ കോൺഗ്രസിന്റെ തകർച്ച പൂർത്തിയാവുമെന്ന് വിജയരാഘവന്‍ പറഞ്ഞു.


സമരങ്ങളിലൂടെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചത്. ഗെയില്‍ പദ്ധതിയുടെ ഗുണം എല്ലാവര്‍ക്കും ലഭിക്കുന്നതായിരുന്നു. പിണറായി സര്‍ക്കാര്‍ അത് പൂര്‍ത്തീകരിക്കുമ്പോള്‍ ഭൂമിക്ക് നോവിക്കുമെന്ന് പറഞ്ഞായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ സമരം. ആറുവരി പാതയ്ക്കെതിരെയും വര്‍ഗീയതയുടെ മുഖാവരണമിട്ട് ജമാഅത്തെ ഇസ്ലാമി സമരം ചെയ്തു.

You may also like:ഗ്രാമിന് 7 ലക്ഷം രൂപ: മാരക വിഷം വിറ്റ് കോടീശ്വരനായി യുവാവ്

ജമാഅത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കിയത് കൊണ്ട് കേരളത്തിന് ഒരു നന്മയും ഉണ്ടായിട്ടില്ലെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. ഹിന്ദു വര്‍ഗീയതയ്ക്ക് പ്രചാരണം നടത്താനുള്ള അവസരമാണ് ജമാഅത്തെ ഇസ്ലാമി നല്‍കിയത്. സമാധാനം ആഗ്രഹിക്കുന്ന മുസ്‌ലിം സമുദായം വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ല. സ്വന്തം ബൂത്തിലെ വോട്ടിങ് മെഷീനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വേറെ ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടിവരുന്ന ആദ്യത്തെ കെപിസിസി പ്രസിഡന്‍റാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും വിജരാഘവന്‍ പറഞ്ഞു.

കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലാണ്. ഇതിന് വേണ്ടിയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോവുന്നത്. പക്ഷേ മാറി വരുന്ന രാഷ്ട്രീയം മനസിലാക്കി ജനം വോട്ട് ചെയ്യും.  ഇടതുപക്ഷം വൻ നേട്ടമുണ്ടാക്കും. തിരുവനന്തപുരത്ത് ബി ജെ പി കഴിഞ്ഞ തവണത്തെക്കാൾ പിന്നോട്ടു പോകും. കോവിഡിലും കാണുന്ന തെരഞ്ഞെടുപ്പ് ആവേശം എൽ ഡി എഫിന് നേട്ടമാകുമെന്നും എ വിജയരാഘവൻ അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന സൂചന   ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
Published by: Naseeba TC
First published: December 8, 2020, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories