തിരുവനന്തപുരം: കിളിമാനൂരിൽ (Kilimanoor) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 4 മണിയോടെ എം സി റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ അഭിനവിനെയും അക്ഷയിനെയും കിളിമാനൂർ പോലീസ് എത്തി ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിക്കാനായില്ല. അഞ്ചൽ വയ്യാനത്ത് നിന്നും തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് പോകുകയായിരുന്നു കാറിലുള്ളവർ.
മറ്റൊരു അപകടത്തില്‍ തിരുവനന്തപുരം നെയ്യാറ്റിൻകര കുറ്റിയാണിക്കാടിൽ ഇന്ന് പുലർച്ചെ കാൽനടയാത്രക്കാരൻ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശി അജയൻ (54) ആണ് മരിച്ചത്. ഒറ്റശേഖരമംഗലം ഭാഗത്തുനിന്ന് നെയ്യാറ്റിൻകരയിലേക്ക് പോവുകയായിരുന്ന ഇറച്ചിക്കോഴിയുമായ് വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ടായിരുന്നു അപകടം.
കുറ്റിയാണിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന് സദ്യ വട്ടങ്ങൾ ഒരുക്കിയ ശേഷം അജയൻ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജയനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആര്യൻകോട് പോലീസ് മേൽനടപടി സ്വീകരിച്ചു. രണ്ടുമാസം മുമ്പും ഇവിടെ സമാനമായ അപകടം ഉണ്ടായിരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് രാവിലെയുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം ജില്ലയിൽ കാൽനട യാത്രികൻ കൊല്ലപ്പെടുന്നത്. വെമ്പായത്തിന് സമീപം കൊപ്പത്ത് ശനിയാഴ്ച രാവിലെ അജ്ജാത വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചിരുന്നു. കൊപ്പം കട്ടയ്ക്കാൽ അൽ അബ്റാനിൽ അലികുഞ്ഞ് (80) ആണ് മരണപ്പെട്ടത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.