കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കെവി തോമസിനെതിരായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനത്തെ വിമര്‍ശിച്ച് എഎ റഹിം എംപി. അദ്ദേഹത്തെ പോലെ ഒരു തലമുതിര്‍ന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍ ചെയ്യുന്നതെന്ന് റഹിം കുറ്റപ്പെടുത്തി.
കെവി തോമസിനെ രാഷ്ട്രീയമായി നേരിടാമെന്നും എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ തെരഞ്ഞെടപ്പ് വിജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയെന്ന് എഎ റഹിം വിമര്‍ശിച്ചു. വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെവി തോമസിന്റെ വീടിന് മുന്നില്‍ പടക്കംപൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ ഉമ തോമസിന്റെ വിജയം ആഘോഷിച്ചത്. തിരുത മീനുമായി കെ വി തോമസിനെ പരിഹസിച്ചു കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്ളാദം.ആദായ വില ആദായ വില എന്ന് ആര്‍ത്തുവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ കെ വി തോമസിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചു.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ കെവി തോമസ് ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പിണറായി വിജയന് ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കെവി തോമസിനെതിരെ വികാരം ഉണര്‍ന്നിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.