• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ആചാരപരമായ ചടങ്ങ്; ആറന്മുള ഉത്രട്ടാതി ജലോത്സവം വെള്ളിയാഴ്ച

ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ആചാരപരമായ ചടങ്ങ്; ആറന്മുള ഉത്രട്ടാതി ജലോത്സവം വെള്ളിയാഴ്ച

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ആറന്മുളയിലെ ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.

News18 Malayalam

News18 Malayalam

  • Share this:
    ആറന്മുള: ആചാരപരമായി ഒരു പള്ളിയോടത്തെ സ്വീകരിച്ചുകൊണ്ട് ആറന്മുള ഉത്രട്ടാതി ജലോത്സവം വെള്ളിയാഴ്ച (സെപ്റ്റംബര്‍ നാല് ) രാവിലെ 10.15 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ നടക്കും. ഒരു പള്ളിയോടം മാത്രം പങ്കെടുത്ത് ചടങ്ങ് പൂര്‍ത്തിയാക്കാനാണ് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി പള്ളിയോട സേവാസംഘം തിരഞ്ഞെടുത്തിരിക്കുന്നത് ളാക-ഇടയാറന്മുള പള്ളിയോടത്തെയാണ്.

    ആഞ്ഞിലിമൂട്ടില്‍ക്കടവില്‍ നിന്ന് ക്ഷേത്രക്കടവിലെത്തുന്ന ളാക-ഇടയാറന്മുള പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ വെറ്റ, പുകയില നല്‍കി സ്വീകരിക്കും. അവില്‍പ്പൊതിയും പള്ളിയോടത്തിന് ചാര്‍ത്താനുള്ള പൂജിച്ച മാലയും കളഭവും കൈമാറും. ഹരിയോ ഹര മുഴക്കി വഞ്ചിപ്പാട്ട് പാടി പള്ളിയോടം മടങ്ങുന്നതോടെ ചടങ്ങ് സമാപിക്കും.

    ഉത്രട്ടാതി നാളില്‍ സാധാരണയായി പള്ളിയോടത്തിലെത്തുന്നവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാറില്ല. പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ജലനിരപ്പ് അനുകൂലമാണെങ്കില്‍ പമ്പയുടെ നെട്ടായത്തില്‍ പളളിയോടം ചവിട്ടിത്തിരിക്കുന്നത് ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ കാണാന്‍ കഴിയുമെന്നാണ് പള്ളിയോട പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

    2018 ലെ മഹാപ്രളയകാലത്ത് പോലും 25 പള്ളിയോടങ്ങള്‍ പങ്കെടുത്ത ജലഘോഷയാത്ര നടത്തിയിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയുടെ കാലത്ത് അതും അപ്രാപ്യമായി. അന്‍പത്തിരണ്ട് പള്ളിയോടങ്ങള്‍ പമ്പയുടെ നെട്ടായത്തില്‍ ഉത്രട്ടാതി വള്ളംകളിക്ക് അണിനിരക്കുന്നത് കാത്തിരുന്ന കരക്കാര്‍ക്ക് മഹാമാരി കാരണം ഒരു പള്ളിയോടം പോലും ഇറക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഒരു പള്ളിയോടത്തിന് അനുമതി ലഭിച്ചത് പള്ളിയോടക്കരകള്‍ക്ക് ആശ്വാസം പകര്‍ന്നു.

    നിലവില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് 24 പേര്‍ക്ക് മാത്രമാണ് പള്ളിയോടത്തില്‍ കയറുന്നതിന് അനുമതിയുള്ളത്. തിരുവോണ നാളില്‍ കിഴക്കന്‍മേഖലയില്‍ നിന്നുള്ള പള്ളിയോട കരകളിലെ കരക്കാര്‍ ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാര്‍ക്കൊപ്പം അകമ്പടി സേവിക്കുന്ന ചടങ്ങിനെത്തിയിരുന്നു.
    ഉത്രട്ടാതി വള്ളംകളിക്ക് പടിഞ്ഞാറന്‍മേഖലയില്‍ നിന്നുളള കരക്കാരാണ് ളാക-ഇടയാറന്മുള പള്ളിയോടത്തിലെ കരക്കാര്‍ക്കൊപ്പം പങ്കെടുക്കുന്നത്.

    സെപ്റ്റംബര്‍ 10 ന് അഷ്ടമിരോഹിണി വള്ളസദ്യക്ക് മദ്ധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് പങ്കെടുക്കുന്നത്. പള്ളിയോടത്തില്‍ കയറുന്നവര്‍ക്ക് കോവിഡ്-19 സംബന്ധിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താപനില ഉള്‍പ്പെടെ പരിശോധിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമേ പള്ളിയോടത്തില്‍ പ്രവേശിപ്പിക്കുകയുള്ളു.



    തത്സമയ സംപ്രേഷണം

    കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി ആറന്മുളയിലെ ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് പ്രവേശനം ഇല്ലാത്തതിനാല്‍ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും തത്സമയം ലഭ്യമാക്കുന്നതിനായി ഫേസ് ബുക്ക്, യുട്യൂബ് എന്നീ സമൂഹമാധ്യമങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. പള്ളിയോട സേവാസംഘത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ARANMULA BOAT RACE - LIVE Palliyoda Seva Sangham
    ഫേസ്ബുക്ക് പേജായ Aranmula Palliyoda Seva Sangham എന്നിവയിലൂടെ പ്രധാനപ്പെട്ട ചടങ്ങുകളുടെ തത്സമയ വീഡിയോ ലഭ്യമാക്കും.  ഉത്രട്ടാതി വള്ളംകളിയുടെ ചടങ്ങുകള്‍ രാവിലെ 9.45 മുതല്‍ സംപ്രേഷണം ചെയ്യും.
    Published by:Gowthamy GG
    First published: