മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റാണ് അബ്ബാസലി ശിഹാബ് തങ്ങൾ.
സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമിയായാണ് അബ്ബാസലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ല അധ്യക്ഷ സ്ഥാനത്തെത്തുന്നത്. പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷനായത്. നേരത്തെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് അന്നത്തെ ജില്ലാ അധ്യക്ഷൻ ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡൻ്റ് ആയപ്പോൾ തൽ സ്ഥാനത്തേക്ക് പരിഗണിച്ചത് സഹോദരൻ ആയ സാദിഖലി ശിഹാബ് തങ്ങളെ ആയിരുന്നു. അതെ കീഴ്വഴക്കം തന്നെ ആണ് ഇപ്പൊൾ അബ്ബാസ് അലി ശിഹാബ് തങ്ങളുടെ കാര്യത്തിലും തുടർന്നത്.
നേരത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുന്നവ്വറലി ശിഹാബ് തങ്ങളുടെ പേര് ഈ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. റഷീദലി ശിഹാബ് തങ്ങളായിരുന്നു പരിഗണനയിലുണ്ടയിരുന്ന മൂന്നാമത്തെയാൾ.
ജില്ലാ അധ്യക്ഷനായി അബ്ബാസലി ശിഹാബ് തങ്ങളെ നിശ്ചയിച്ചുവെന്ന പ്രചാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത് വെള്ളിയാഴ്ച ചേർന്ന മുസ്ലിം ലീഗിൻറെ മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ്.
ജീവിതരേഖ
പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ഇളയ മകനാണ് (അഞ്ചാമത്തെ മകന്) ആണ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. 1971ല്‍ ജനനം. പാണക്കാട് യു.പി സ്കൂളില്‍ നന്ന് പ്രാഥമിക പഠനം. ദാറുല്‍ ഉലൂം ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായി. കോഴിക്കോട് ഫറോക്ക് കോളജില്‍ ആയിരുന്നു പ്രീഡിഗ്രി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. അലിഗഡില്‍ പഠിക്കുമ്പോള്‍ മലയാളി വിദ്യാര്‍ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് മികച്ച മാര്‍ക്കോടെ എം.ബി.എ നേടി.
തുടര്‍ന്ന് പൊതുപ്രവര്ത്തനങ്ങളില് സജീവം. പാണക്കാട് ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റായി സേവനമാരംഭിച്ചു. പിന്നീട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റായി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജില്ലാ പ്രസിഡന്റായതിനെ തുടര്‍ന്ന് മലപ്പുറം നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പദവി ഏറ്റെടുത്തു. ഇതുവരെ ആ പദവിയില്‍ തുടരുകയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റും തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാന പ്രസിഡന്റുമായി. നിരവധി മതസ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കുന്നു.
കൊയിലാണ്ടിയിലെ സഖാഫ് ചെറിയകോയ തങ്ങളുടെ മകള്‍ സജ്ന സഖാഫ് ആണ് ഭാര്യ. മക്കള്‍: റാജിഹ്, റസാന്, സിദ്ഖ്, ആഹില്‍, ഹില്യ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.