HOME » NEWS » Kerala » AC FOR KING COBRA AND ANACONDA TIGER FAN NEW SYSTEMS AT THE ZOO TO SOOTHE THE HEAT

രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും ഏസി; കടുവയ്ക്ക് ഫാൻ; ചൂട് ശമിപ്പിക്കാൻ മൃഗശാലയിൽ പുതിയ സംവിധാനങ്ങൾ

ചൂടിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും നൽകും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന മൃഗങ്ങൾക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സാലഡും ലഭ്യമാക്കി തുടങ്ങി.

News18 Malayalam | news18-malayalam
Updated: April 12, 2021, 10:30 AM IST
രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കും ഏസി; കടുവയ്ക്ക് ഫാൻ; ചൂട് ശമിപ്പിക്കാൻ മൃഗശാലയിൽ പുതിയ സംവിധാനങ്ങൾ
വയനാട്ടിൽ നിന്നും പിടിയിലായ കടുവ
  • Share this:
തിരുവനന്തപുരം: വേനൽച്ചൂടിന് നാൾക്കുനാൾ കാഠിന്യമേറുമ്പോൾ തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. കനത്ത ചൂടിനെ അതിജീവിക്കാൻ പക്ഷി മൃഗാദികളെ സഹായിക്കുന്ന സജ്ജീകരണങ്ങളാണ് നടപ്പാക്കുന്നത്. രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കു എയർ കണ്ടീഷൻ സൌകര്യം ഏർപ്പെടുത്തി. കടുവയ്ക്ക് ഫാനും കുളിക്കാൻ ഷവറും ക്രമീകരിക്കും. ചൂടിന്‍റെ കാഠിന്യം കുറയ്ക്കാൻ തണുത്ത സാഹചര്യങ്ങളും ഭക്ഷണങ്ങളും തയ്യാറാക്കും.

ചൂടിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും നൽകും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന മൃഗങ്ങൾക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സാലഡും ലഭ്യമാക്കി തുടങ്ങി. ചൂടുകാലാവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതല്‍ നല്‍കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

കുരങ്ങന്‍, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകള്‍, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളില്‍ വെള്ളം നിറച്ച്‌ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ചെറിയ പാമ്പുകൾക്ക് ചട്ടിയിൽ വെള്ളം നിറച്ചു നൽകുന്നുമുണ്ട്. ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. നീലക്കാളയ്ക്ക് ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നല്‍കി. കരടിക്കു പഴ വര്‍ഗങ്ങള്‍ തണുപ്പിച്ച്‌ ഐസ് ബ്ലോക്കുകളാക്കിയാണു നല്‍കുന്നത്. രാജവെമ്ബാല, അനാക്കോണ്ട എന്നിവയ്ക്കായി എസി സജ്ജമാക്കി.

പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതല്‍ വേണ്ടതിനാല്‍ ചെളിക്കുളമാണ് തയാറാക്കിയിരിക്കുന്നത്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തില്‍ തണ്ണിമത്തന്‍, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടിയിട്ടുണ്ട്.

അടുത്തിടെ കടുവകളെ വേനൽ ചൂടിൽ നിന്ന് സംരക്ഷിക്കാൻ തായ്ലൻഡിലെ ഒരു മൃഗശാലയിൽ ഏർപ്പെടുത്തിയ സംവിധാനങ്ങൾ വാർത്താ പ്രാധാന്യം നേടിയിരുന്നു. ശീതീകരിച്ച ചിക്കൻ പോപ്പ്സിക്കിൾസാണ് (ഐസ് പോപ്പ്)​ കൂളാവാൻ കടുവകൾക്ക് ഇവിടെ നൽകുന്നത്. ക്രീമിന് മുകളിൽ ചോക്ലേറ്റ് കൊണ്ട് മൂടിയ ചോക്കോബാർ പോലെ കോഴിയിറച്ചിയെ ഐസ് കൊണ്ട് പൊതിഞ്ഞ് നൽകുന്ന രീതിയാണിത്. ബാങ്കോക്കിൽ നിന്ന് വടക്ക് 435 മൈൽ സ്ഥിതി ചെയ്യുന്ന ചിയാംഗ് മേ നഗരത്തിലെ ടൈഗർ കിംഗ്ഡം സൂവിലെ ഏകദേശം 50 ഓളം കടുവകൾക്കാണ് വേനലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമായി അധികൃതർ ശീതീകരിച്ച ചിക്കൻ പോപ്പ്സിക്കിൾസ് നൽകുന്നത്. കടുവകൾ അസ്വസ്ഥതകൾ പ്രകടമാക്കുകയും കിതയ്ക്കുകയും ചെയ്യും. ഇതിനെ മറികടക്കാൻ തണുത്ത വെള്ളം നിറച്ച പൂളുകളും മൃഗശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെയാണ് തായ്‌ലൻഡിൽ വേനൽക്കാലം ആരംഭിച്ചത്. നിലവിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് അവിടെ രേഖപ്പെടുത്തുന്നത്.
Published by: Anuraj GR
First published: April 12, 2021, 10:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories