തിരുവനന്തപുരം: ബൈക്ക് റേസിങ് നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന്റെ കാലൊടിഞ്ഞു തൂങ്ങി. നെയ്യാർ ഡാമിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ (22) കാലിനാണ് പരിക്കേറ്റത്. റേസിങ് നടത്തിയെന്ന് പറഞ്ഞ് പിന്നാലെ ഉണ്ണികൃഷ്ണന് രണ്ടംഗ സംഘത്തിന്റെ മർദനവുമേറ്റു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നെയ്യാര്‍ ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കള്‍ റേസിങ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയുമായിരുന്നു. ഇതിനുശേഷം ഇരു ബൈക്കുകളിലേയും യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. നിരവധി വാഹനങ്ങൾ കടന്നു പോവുകയും നാട്ടുകാർ കാൽനടയായി സഞ്ചരിക്കുകയും ചെയ്യുന്ന റോഡാണിത്. റേസിങ് നടത്തിയ യുവാവ് ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോൾ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ബൈക്ക് റേസിങ് ആണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് രണ്ടംഗ സംഘം യുവാവിനെ മർദിക്കുകയായിരുന്നു.
മർദന വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വട്ടിയൂർക്കാവ് പൊലീസിൽ ഉണ്ണികൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്. അമിതവേഗതയിൽ വന്ന അക്രമിസംഘം ബൈക്ക് കൊണ്ട് ഇടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇടിയുടെ ആഘാതത്തിലാണ് വലതുകാൽ ഒടിഞ്ഞത്. തുടർന്ന് രണ്ടംഗസംഘം മർദിക്കുകയായിരുന്നു. കാലൊടിഞ്ഞെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം മർദനത്തിൽ നിന്ന് പിന്മാറിയില്ലെന്നും പരാതിയിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. ബൈക്ക് റൈസിങ് നടത്തിയിട്ടുണ്ടെങ്കിൽ ആ വിവരം പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആക്രമിക്കുകയല്ലെന്നും പൊലീസ് പറയുന്നു. പ്രതികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനുള്ള വീഡിയോ ഷൂട്ട് നടത്തുകയായിരുന്നു യുവാക്കള്‍. ഈ പ്രദേശത്ത് വാഹന യാത്രയ്ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ വൈകുന്നേരങ്ങളില്‍ ഇത്തരം റേസിങ് നടക്കാറുണ്ട് എന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.