ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിൽ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസ് സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവന് ഗവര്ണറാണെന്നകാര്യം അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിയമത്തിന് അതീതനെന്നതുപോലെയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ താനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തേ മതിയാവെന്ന് ഇതിലെ ചട്ടങ്ങള്‍ എടുത്തുപറഞ്ഞ് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകില്ല. സംസ്ഥാനത്തെ ഭരണസംവിധാനം തകരാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. പൗരത്വനിയമ വിഷയത്തില്‍ കോടതിയെ സമീപിച്ച വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര, അത് അനുസരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളുടെ പണമെടുത്താണ് സര്‍ക്കാര്‍ കേസിന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ അധികാരമെന്തെന്ന് കൃത്യമായ കോടതി വിധികളുണ്ട്. സുപ്രീം കോടതിയുടെ വിധികള്‍ ഗവര്‍ണറുടെ അധികാരം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമവും ഭരണഘടനയും എല്ലാവരേക്കാളും മുകളിലാണ്. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് നിയമത്തിന് അതീതനെന്ന പോലെയാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. മുഖ്യമന്ത്രിയുടെ റസിഡന്റ് പരാമര്‍ശനത്തിനുള്ള ഗവർണറുടെ മറുപടി ഇങ്ങനെ- ഇത് കൊളോണിയല്‍ കാലമല്ല, നിയമവാഴ്ചയുള്ള കാലമാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.