തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങള്‍ പി എസ് സി വിജിലൻസ് അന്വേഷിക്കുമെന്ന് ചെയർമാൻ എം കെ സക്കീർ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി കോളജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, പ്രണവ് എന്നിവർക്ക് റിപ്പോർട്ട് വരുന്നതുവരെ നിയമന ശുപാർശ നൽകില്ലെന്നും ചെയർമാൻ പറഞ്ഞു.
പിഎസ് സിക്കെതിരെ ഉയർന്ന ആരോപണങ്ങളും ചെയര്‍മാന്‍ എം കെ സക്കീര്‍ തള്ളി. ആരോപണ വിധേയരായ മൂന്നു പേരും തിരുവനന്തപുരത്ത് വെവ്വേറെ സെന്ററുകളിലാണ് പരീക്ഷ എഴുതിയത്. ആരും യൂണിവേഴ്‌സിറ്റി കോളജില്‍ പരീക്ഷ എഴുതിയിട്ടില്ല. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം നോക്കാറില്ല. നിയമനത്തിന്റെ അവസരത്തില്‍ സര്‍ക്കാരാണ് അതു നോക്കേണ്ടത്. സര്‍ക്കാര്‍ അറിയിച്ചാല്‍ പി എസ് സി നിയമന ശുപാര്‍ശ റദ്ദാക്കുമെന്നും ചെയർമാൻ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കാണ് ലഭിച്ചത്. പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാർക്ക് നേടിയതും ശിവരഞ്ജിത്തിനാണ്. രണ്ടാം പ്രതിയും കോളജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28ാം റാങ്കുകാരനാണ്.
ശിവരഞ്ജിത്തിന് പിഎസ്‌സി പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു. നസീമിന് 65.33 മാര്‍ക്കാണ് പരീക്ഷയിൽ ലഭിച്ചത്. പാളയത്ത് പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം. ജൂലൈ ഒന്നിനാണ് റാങ്ക് പട്ടിക നിലവില്‍വന്നത്. നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.