• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'തല മറന്ന്' എണ്ണ തേച്ച താരത്തിനും കമ്പനിയ്ക്കും പിഴ; ഏഴു വർഷത്തെ നിയമപോരാട്ടം വിജയം കണ്ട സന്തോഷത്തിൽ ഫ്രാന്‍സിസ്

'തല മറന്ന്' എണ്ണ തേച്ച താരത്തിനും കമ്പനിയ്ക്കും പിഴ; ഏഴു വർഷത്തെ നിയമപോരാട്ടം വിജയം കണ്ട സന്തോഷത്തിൽ ഫ്രാന്‍സിസ്

ഞാനീ ഉത്പ്പന്നം ഉപയോഗിച്ചിട്ടില്ല അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് എന്നാണ് വിസ്താര സമയത്ത് അനൂപ് മേനോൻ പറഞ്ഞത്'.

അനൂപ് മേനോന്‍, ഫ്രാന്‍സിസ് വടക്കന്‍

അനൂപ് മേനോന്‍, ഫ്രാന്‍സിസ് വടക്കന്‍

 • Last Updated :
 • Share this:
  തൃശ്ശൂർ: ഉപഭോക്താവിന്‍റെ പരാതിയിൽ എണ്ണ കമ്പനിക്കും പരസ്യത്തിൽ അഭിനയിച്ച താരത്തിനുമടക്കം പിഴയിട്ട് ഉപഭോക്ത്യ കോടതി. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നൽകിയ പരാതിയിലാണ് നടൻ അനൂപ് മേനോന്‍, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഡീലറായ മെഡിക്കൽ ഷോപ്പ് ഉടമ എന്നിവർക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്. . ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമയ്ക്ക് മൂവായിരം രൂപയാണ് പിഴ വിധിച്ചത്.

  ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി.

  Also Read-ദൃശ്യം 2 ഒടിടി റിലീസ്: വിമർശകർ തന്നെക്കുറിച്ച് ചിന്തിച്ചില്ലെന്ന് ആന്റണി പെരുമ്പാവൂർ

  ആറാഴ്ച കൊണ്ട് മുടി വളരുമെന്ന വാഗ്ദാനം നൽകിയ പരസ്യം കണ്ടാണ് ഫ്രാൻസിസ് ധാത്രി കമ്പനിയുടെ എണ്ണ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയത്. അനൂപ് മേനോനായിരുന്നു പരസ്യത്തിൽ അഭിനയിച്ചത്. പരസ്യം കണ്ട് വിശ്വസിച്ച് സ്ഥിരമായി എണ്ണ ഉപയോഗിച്ചിരുന്നു. എന്നാൽ ഫലം ഒന്നും കണ്ടില്ല. നാട്ടുകാരടക്കം കളിയാക്കി തുടങ്ങിയതോടെയാണ് പരാതിയുമായി ഹെയർ ഓയിൽ കമ്പനിയെ തന്നെ സമീപിക്കാൻ തീരുമാനിച്ചതെന്നാണ് പരാതിക്കാരനായ ഫ്രാൻസിസ് ന്യൂസ്18 മലയാളത്തോട് പറഞ്ഞത്.

  Also Read-പാച്ചുവും അത്ഭുതവിളക്കും; അഖിൽ സത്യന്റെ സിനിമയിൽ ഫഹദ് ഫാസിൽ നായകൻ

  നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധാത്രി കമ്പനിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവരുടെ നിഷേധാത്മക നിലപാട് കൊണ്ടാണ് കേസുമായി മുന്നോട്ട് പോയതെന്നാണ് അദ്ദേഹം പറയുന്നത്.  'പ്രൊഡക്റ്റ് ഉപയോഗിച്ചിട്ട് മുടി വളരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് ഹെയർ ഓയിൽ വാങ്ങിയത്. ഫലം കിട്ടാതെ ആയതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയ കമ്പനി അവരുടെ അഡ്വക്കേറ്റ് മുഖെന മറുപടി അയച്ചു. നിങ്ങൾക്ക് ക്ലെയിം ചെയ്യാനുള്ള അധികാരം ഇല്ല. ഞങ്ങൾക്കെതിരെ കേസ് കൊടുത്താൽ ഞങ്ങൾ നിങ്ങൾക്കെതിരെ കേസ് കൊടുക്കും. ക്ലെയിം ചെയ്യാനോ നഷ്ടപരിഹാരം അവകാശപ്പെടാനോ നിങ്ങൾക്ക് അവകാശമില്ലെന്നും പറഞ്ഞു ഇതോടെയാണ് സ്യൂട്ട് ഫയൽ ചെയ്യാൻ തീരുമാനിച്ചത്' എന്നാണ് ഫ്രാന്‍സിസ് പറയുന്നത്.

  തുടർന്ന് തൃശ്ശൂരിലെ അഭിഭാഷകനായ എ.ഡി.ബെന്നി വഴി സ്യൂട്ട് ഫയൽ ചെയ്തു. 'ഏത് പരസ്യം ആയാലും നമ്മളെ പറ്റിക്കല്‍ തന്നെയാണ്. ഇവിടെ സ്വന്തമായി അനുഭവം വന്നപ്പോള്‍ പ്രതികരിക്കാം എന്നു തീരുമാനിച്ചു. ആദ്യ സിറ്റിംഗ് കഴി‍ഞ്ഞപ്പോൾ കമ്പനി ഒത്തുതീർപ്പിലെത്താമെന്ന് പറഞ്ഞെങ്കിലും നൂറു രൂപയെങ്കിലും നഷ്ടപരിഹാരം വാങ്ങുമെന്ന് പറഞ്ഞു. കാരണം അവരുടെ അഭിഭാഷകന്‍റെ മറുപടി ഇഷ്ടമായില്ല. ആ ഒറ്റകാരണം കൊണ്ടാണ് മുന്നോട്ട് പോയത്. ഇപ്പോൾ ഏഴുവർഷത്തിന് മുകളിൽ ആയി'.

  Also Read-വിവാഹദിനത്തില്‍ വരൻ ഒളിച്ചോടി; തകർന്നു നിന്ന വധുവിന് അതിഥി തുണയായി

  'പരസ്യത്തിൽ അഭിനയിക്കുന്നവർ കൂടി ഒരു കാര്യം മനസിലാക്കണം. ഉപയോഗിക്കുന്ന വസ്തു ശരിയാണോ അല്ലയോ എന്ന് പരസ്യക്കാരൻ ആദ്യം പഠിക്കട്ടെ എന്നിട്ട് മതി ജനങ്ങളെ പിടിക്കൽ.. ഏത് പ്രൊഡക്ട് ആയാലും പരസ്യം ചെയ്യുന്ന വ്യക്തിക്ക് ആ പ്രൊഡക്ടുമായി ഒരു ബന്ധവുമില്ലെന്ന് കോടതിയിൽ വച്ച് അനൂപ് മേനോൻ പറഞ്ഞപ്പോൾ തന്നെ വ്യക്തമായി. ഞാൻ ആ സാധനം ഉപയോഗിച്ചിട്ട് പോലും ഇല്ലെന്നാണ് അയാൾ കോടതിയിൽ പറഞ്ഞത്. ഇല്ലാത്തത് പറഞ്ഞ് ഉപഭോക്താവിനെ പറ്റിച്ച് ഓരോ കമ്പനിയും ഓരോ തരത്തില്‍ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരം നേടിയെടുക്കാനായല്ല കേസുമായി മുന്നോട്ട് പോയത് പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തര പരസ്യങ്ങള്‍ക്കെതിരെ ഒരു സന്ദേശം കൂടി നൽകാനാണ്' ഫ്രാൻസിസ് വ്യക്തമാക്കി.

  Also Read-പൊലീസ് പ്രവേശന പരീക്ഷയില്‍ ആൾമാറാട്ടം; പൊലീസ് കോൺസ്റ്റബിളും മകനും അറസ്റ്റിൽ

  'പുതിയ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ഒരു പ്രൊഡക്ട് എൻഡോസ് ചെയ്യുമ്പോൾ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആ ആൾ ബാധ്യസ്ഥനാണ് എന്നാണ് ഫ്രാൻസിസിന്‍റെ അഭിഭാഷകനായിരുന്ന എ.ഡി ബെന്നി പറയുന്നത്. 'ഗുണനിലവാരം പരീക്ഷിച്ച് നോക്കിയ ശേഷം അല്ലെങ്കിൽ അതിനെക്കുറിച്ച് കൃത്യമായി ബോധം ഉണ്ടായതിന് ശേഷം മാത്രമെ ആ പ്രൊഡക്ട് എൻഡോസ് ചെയ്യാൻ പാടുള്ളു. അദ്ദേഹം ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.

  Also Read-WhatsApp Features| 2021ൽ വാട്സ്ആപ്പ് ഇങ്ങനെയൊക്കെയങ്ങ് മാറും

  'കാലങ്ങളായി ഇത്തരം സംഗതികളൊക്കെ ചൂഷണം ചെയ്യുകയാണ്. ഈ പരസ്യങ്ങൾ ഒന്നും ശരിയല്ലെന്ന് അറിയാമെങ്കിലും കുറച്ച് പേരെങ്കിലും പരസ്യങ്ങൾ കണ്ട് ആകൃഷ്ടരാകാറുണ്ട്. വാങ്ങുന്നുണ്ട്. കുറച്ച് വിദ്യാസമ്പന്നരായ ആളുകൾ അങ്ങനെ പരസ്യം കണ്ട് വാങ്ങില്ലെങ്കിൽ പോലും അവരെപ്പോലും സ്വാധീനിക്കാനുള്ള കഴിവ് ഈ പരസ്യങ്ങൾക്കുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഫ്രാൻസിസ് പരാതിയുമായി വരുന്നത്. പ്രൊഡക്ട് വാങ്ങി ഉപയോഗിച്ച് ഫലം കാണ്ടാത്തതിനെ തുടർന്ന് അനൂപ് മേനോനെ പ്രതി ചേർത്തു. ധാത്രി കമ്പനിയെ പ്രതി ചേർത്തു, ഡീലറെ പ്രതി ചേർത്തു. ഞാനീ ഉത്പ്പന്നം ഉപയോഗിച്ചിട്ടില്ല അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് എന്നാണ് വിസ്താര സമയത്ത് അനൂപ് മേനോൻ പറഞ്ഞത്'.  'രണ്ട് കൂട്ടരോടും പതിനായിരം രൂപ പിഴ നൽകാനാണ് കോടതി പറഞ്ഞത്. പൈസയുടെ മൂല്യമല്ല ഇത് പൊതുജനങ്ങൾക്കുള്ള ഒരു സന്ദേശം കൂടിയാണ്. ഇത്തരത്തിൽ പരസ്യത്തിൽ അഭിനയിച്ച ഒരു താരത്തിന് പിഴ ഒടുക്കേണ്ടി വരുന്ന സംഭവം കേരളത്തിൽ തന്നെ ആദ്യമാണെന്നതാണ് കരുതുന്നതെന്നും അഡ്വ.ബെന്നി പറയുന്നു. പല പ്രമുഖ താരങ്ങൾക്കെതിരെയും പരാതി ഉയർന്നിട്ടുണ്ടെങ്കിലും പലതും നോട്ടീസീൽ മാത്രം ഒതുങ്ങുകയോ അല്ലെങ്കിൽ ഒത്തുതീർപ്പിലെത്തുകയോ ചെയ്യാറാണ് പതിവ്.

  2014 ൽ ഫയൽ ചെയ്ത പരാതിയിൽ ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധിയെത്തുന്നത്. ഇത്രയും വർഷങ്ങൾ ആയെങ്കിലും പോരാട്ടം വിജയം കണ്ട് ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പരാതിക്കാരനും അഭിഭാഷകനും.

  കമ്പനിക്ക് പറയാനുള്ളത്

  2010 ൽ പ്രത്യക്ഷപ്പെട്ട ധാത്രി ഹെയർ പ്രൊട്ടക്ടർ എന്ന ഉൽ‌പ്പന്നത്തിന്‍റെ പരസ്യവുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. 2012ൽ ആണ് ഈ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തർക്കത്തിലുള്ള പരസ്യം ഇപ്പോൾ വർഷങ്ങളായി ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും, ഉൽപന്നത്തിനും ക്ലിനിക്കൽ പരിശോധന ഫലം രജിസ്റ്റർ ചെയ്യപ്പെട്ടുവെന്ന ശാസ്ത്രീയ പിന്തുണയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇപ്പോൾ തർക്ക വിഷയമായ ധാത്രി ഹെയർ പ്രൊട്ടക്ടർ CTRI ൽ CTRI / 20L3 / OS / 003644 എന്ന നമ്പർ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോൾ വിപണിയിൽ ഇറക്കുന്ന ഉൽപന്നങ്ങളുടെയും പരസ്യത്തിൽ അവകാശപ്പെടുന്ന വസ്തുതകൾക്ക് ശാസ്ത്രീയ തെളിവുകളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുന്നതുമാണെന്ന് ധാത്രി പത്രക്കുറിപ്പിൽ പറയുന്നു.
  Published by:Asha Sulfiker
  First published: