Actress Attack Case | നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റത്തിൽ തടസ ഹർജിയുമായി ദിലീപ് സുപ്രീം കോടതിയിൽ
Actress Attack Case | നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റത്തിൽ തടസ ഹർജിയുമായി ദിലീപ് സുപ്രീം കോടതിയിൽ
വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തന്റെ വാദം കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് തടസ ഹർജി ഫയൽ ചെയ്തത്.
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽനടൻ ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തന്റെ വാദം കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് തടസ ഹർജി ഫയൽ ചെയ്തത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ദിലീപിനു വേണ്ടി തടസ ഹർജി ഫയൽ ചെയ്തത്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരാകുമെന്നാണ് സൂചന.
കേസിലെ പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണെന്നും കോടതി മാറ്റിയാൽ നടപടിക്രമങ്ങൾ വീണ്ടും നടത്തേണ്ടി വരുമെന്നും ദിലീപ് സുപ്രീം കോടതിയിൽ വാദിക്കും. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി വിവേചന പരമായി പെരുമാറുന്നുവെന്നും കോടതിയിൽ നിന്ന് അപമാനം നേരിട്ടു വെന്നും നടിയും കോടതിയിൽ വാദിച്ചിരുന്നു. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും അതും ഹൈക്കോടതി അംഗീകരിച്ചില്ല.
പ്രോസിക്യൂഷനും കോടതിയുംസഹകരിച്ചു പോകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നേരത്തെയും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിചാരണ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് ഹർജി നൽകിയത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29 ന് ജസ്റ്റിസ് മാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.