കോഴിക്കോട്: മാധ്യമപ്രവര്‍ത്തനം സത്യാന്വേഷണമാണെന്നും സത്യത്തെ കണ്ടെത്തുന്ന മൂന്നാം കണ്ണ് മാധ്യമപ്രവര്ത്തകന് വേണമെന്നും എം.ടി വാസുദേവന്‍ നായര്‍. കോഴിക്കോട് പ്രസ്ക്ലബ് ജേര്‍ണലിസം കോഴ്സില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി വാസുദേവന്‍ നായര്‍.
പത്രപ്രവര്ത്തകന് മുമ്പാകെയെത്തുന്ന വാര്‍ത്തകളില്‍ വസ്തുത അറിഞ്ഞ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ. ഇല്ലാത്ത കഥ എഴുതാന്‍ മാധ്യമ മുതലാളിയുടെ സമ്മര്‍ദമുണ്ടായേക്കാം. എന്നാല്‍ മാധ്യമപ്രവര്ത്തകന് സ്വന്തം തൊഴിലിനോടും സമൂഹത്തോടും ബാധ്യതയുണ്ട്.
also read:
'സഹായിക്കണം, കുറച്ചു കാശുവേണം' വായനക്കാരോട് ഡൊണേഷൻ ചോദിച്ച് വിക്കിപീഡിയ
' നമ്പി നാരായണനെതിരെ എന്തെല്ലാം നിറം പിടിപ്പിച്ച വാര്‍ത്തകളാണ് മാധ്യമങ്ങള്‍ എഴുതിയത്. ആറ്റോമിക് രഹസ്യം വലിയ ചാക്കില്‍ നിറച്ച് കപ്പലില്‍ കടത്തിയെന്നൊക്കെയായിരുന്നു കഥകള്‍. ഒരു പത്രം നമ്പിനാരായണീയം എന്ന പേരില്‍ പ്രത്യേക കോളം തന്നെ തുടങ്ങി. അക്കാലത്ത് ചെന്നൈയില്‍ വെച്ച് നമ്പി നാരായണനെ കണ്ടിരുന്നു. സത്യം ഒരുനാള്‍ പുറത്തുവരുമെന്ന് അന്ന് നമ്പി പറഞ്ഞിരുന്നു. നമ്പിയെ ആത്മഹത്യയില്‍ നിന്ന് തടഞ്ഞത് അയാളുടെ മകളാണ്.
ഇതുപോലത്തന്നെയാണ് നടന് മധുവിനെതിരെയുണ്ടായ വാര്‍ത്തയും. തിരുവനന്തപുരത്തെ മധുവിന്റെ വീട്ടില്‍ ജോലിക്കുണ്ടായിരുന്ന കുട്ടിയെ കാണാതായതിനെച്ചൊല്ലിയായിരുന്നു അത്. കുട്ടിയെ മര്ദിച്ചുകൊലപ്പെടുത്തിയതാണെന്ന് വാര്‍ത്തകള്‍ വന്നു. നാട്ടുകാര്‍ പ്രതിഷേധവുമായിറങ്ങി. മധുവിനും കുടുംബത്തിനും ചെന്നൈയിലേക്ക് താമസം മാറേണ്ടി വന്നു. മധുവിന് സ്റ്റുഡിയോ വരെ വിൽക്കേണ്ടി വന്നു. വലിയ തുക ചെലവഴിച്ച സ്റ്റുഡിയോ പിന്നീട് ഒരു സ്വകാര്യ ചാനല്‍ കുറഞ്ഞവിലയ്ക്ക് കൈക്കലാക്കി. പിന്നീട് കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. മധുവിന്റെ വീട്ടുകാരോട് അത്ര ഇഷ്ടമായതുകൊണ്ടാണ് അവരോട് പറയാതെ വീടു വിട്ടുപോയത് എന്നാണ് അയാൾ പറഞ്ഞത്. എന്നാല്‍ ഒരു വരി വാര്‍ത്തപോലും കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല.
ബംഗ്ലാദേശ് വിഭജന കാലത്തെക്കുറിച്ച് വായിച്ച ഒരു കഥയുണ്ട്. വിശന്ന് അലഞ്ഞ ബാലന് ഒരു പൂജാരിയില്‍ നിന്ന് ലഡു വാങ്ങിക്കഴിച്ചു. പൂജാരി കുട്ടിക്ക് കുറിതൊട്ടുകൊടുത്തു. ഇത് പിന്നീട് വര്‍ഗ്ഗീയ കലാപത്തിന് കാരണമായി. ഇല്ലാത്ത കഥയെഴുതിവെച്ചാല് വര്‍ഗ്ഗീയ കലാപങ്ങളുണ്ടാകും. രണ്ടുകുട്ടികള്‍ തമ്മിലുണ്ടായ അടിപിടി പിന്നീട് നായരീഴവ കലാപത്തിന് കാരണമായെന്ന് കാരൂരിന്റെ കഥയുണ്ട്.
ഞങ്ങളൊക്കെ മാധ്യമപ്രവര്‍ത്തനം നടത്തിയ കാലത്ത് മേഖലയില്‍ വൈവിധ്യങ്ങള്‍ കുറവായിരുന്നു. മാധ്യമമുതലാളി പറഞ്ഞത് കേട്ട് നില്ക്കേണ്ടിവന്നു. പുതിയ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പല വഴികളുണ്ട്. ഇത് ഉപയോഗിക്കണം. മാധ്യമപ്രവര്‍ത്തകര്‍ നല്ല ഭാഷയില്‍ എഴുതാനും പറയാനും പഠിക്കണമെന്നും എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.