• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Assault: സൈബർ വിദഗ്ദൻ സായ് ശങ്കർ എന്തു പറയും? മൊഴി രേഖപ്പെടുത്തുന്നത് തിങ്കളാഴ്ച

Actress Assault: സൈബർ വിദഗ്ദൻ സായ് ശങ്കർ എന്തു പറയും? മൊഴി രേഖപ്പെടുത്തുന്നത് തിങ്കളാഴ്ച

ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിക്കാൻ എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താന്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചിരുന്നു

സായ് ശങ്കർ

സായ് ശങ്കർ

  • Share this:
കൊച്ചി. നടിയെ അക്രമിച്ച കേസിൽ (Actress Assault Case) സൈബർ വിദഗ്ദൻ സായ് ശങ്കറിൻ്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക്  ആലുവ പോലീസ് ക്ലബിൽ ഹാജരാകാൻ സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. വധ ഗൂഡാലോചന കേസിലെ ഏഴാം പ്രതിയാണ്  സായ് ശങ്കർ. നേരത്തെ നോട്ടീസ് നൽകിയിട്ടും ഇയാൾ ഹാജരായിരുന്നില്ല. കോടതി സായി ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.

ദിലീപിന്റെ ഫോൺ വിവരങ്ങൾ നശിപ്പിക്കാൻ എത്ര തുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താന്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഭക്ഷണത്തിനും വന്‍തുക ചിലവഴിച്ചതായി കണ്ടെത്തിയിരുന്നു.

ആദ്യം  അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാനില്ലെന്ന് സായ് ശങ്കര്‍ പോലീസിനെ അറിയിച്ചിരുന്നു.  എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതുമില്ല. പിന്നീട് ഒളിവിൽ പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിനു ശേഷമാണ് പൊലീസിൽ സായ് ശങ്കർ കീഴടങ്ങിയതും രഹസ്യ മൊഴി രേഖപ്പെടുത്തിയതും. സായ് ശങ്കറിന്റെ ഭാര്യയെയും   പോലീസ് ചോദ്യം ചെയ്തിരുന്നു.

തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി സായി ശങ്കറിനെതിരെ കോഴിക്കോട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കര്‍ കോഴിക്കോട് സ്വദേശി മിന്‍ഹാജില്‍ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിന്‍ഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോള്‍ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്.
സായ് ശങ്കറിന് നിലവില്‍ തോക്ക് ലൈസന്‍സ് ഇല്ല. എന്നാല്‍ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിന്‍ഹാജ് പറയുന്നു.

പരാതിക്കാരനെയും സുഹൃത്തിനെയും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്. 2019 ല്‍ തൃപ്പുണിത്തുറയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പോലീസിനെ സമീപിച്ചതായും വിവരമുണ്ട്.

തൃശൂര്‍ സ്വദേശിയുമായി സായ് ശങ്കറിന് 30 ലക്ഷം രൂപയുടെ ഇടപാടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബംഗലൂരുവില്‍ ഐ.ടി. വ്യവസായം നടത്തുന്നതിനായി 30 ലക്ഷം രൂപ തൃശൂര്‍ സ്വദേശിയില്‍ ഇന്ന് ഇയാള്‍ മൂന്നുവര്‍ഷം മുമ്പ് വാങ്ങിയിരുന്നു. പണം ഒരു മാസത്തിനുള്ളില്‍ മടക്കി നല്‍കാണമെന്ന് സായ് ശങ്കര്‍ ഉറപ്പ് നല്‍കിയ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
Published by:Anuraj GR
First published: