കൊച്ചി: നടിയെ ആക്രമിച്ച കേസിലെ(Actress Attack Case) തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി നല്കാന് സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്ന വാദവുമായാണ് ദിലീപ് ഹൈക്കോടതിയില്‍ തുടരന്വേഷണത്തെ എതിര്‍ത്ത് ദിലീപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന് വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചത്.
Also Read-Dileep | വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ദിലീപ്
അതേസമയം 2017ല്‍ തന്നെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കീഴ്ക്കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന നടിയുടെ പരാതിയില്‍ കേരള ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.
ചോര്‍ച്ചയില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി ഫെബ്രുവരി 6ന് നടി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ഇരയെന്ന നിലയില്‍ തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ക്കും അവര്‍ കത്തിന്റെ പകര്‍പ്പ് അയച്ചു.
തനിക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും, ദൃശ്യങ്ങള്‍ ചോര്‍ന്നത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും താരം കത്തില്‍ പറഞ്ഞു. എറണാകുളത്തെ ജില്ലാ കോടതിയില്‍ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതെന്ന് സംശയിക്കുന്നു. പിന്നീട് സംസ്ഥാന ഫോറന്‍സിക് വിഭാഗവും ചോര്‍ച്ച സ്ഥിരീകരിച്ചു.
ഹൈക്കോടതി വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇതേക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കും. നടിയുടെ പരാതിയിന്മേല് ഉചിതമായ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസ് ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Dileep, High court