• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ഹര്‍ജി ഇന്ന് പരിഗണിക്കും

Actress Attack Case | നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ഹര്‍ജി ഇന്ന് പരിഗണിക്കും

കേസിന്‍റെ തുടരന്വേഷണത്തില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടുന്നു

ദിലീപ്

ദിലീപ്

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.  ദിലീപ്  ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് ക്രൈം ബ്രാഞ്ചാണ് (Crime Branch) ഹർജി നൽകിയിട്ടുള്ളത്.  സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു.

    മുന്‍പ് കേസുമായി ബന്ധപ്പെട്ട് ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനു പീച്ചി പോലീസും ബേക്കൽ പോലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ ലസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിക്കളയുകയായിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.

    നടിയെ ആക്രമിച്ച കേസിൽ 85 ദിവസം ദിലീപ് റിമാൻഡിൽ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നൽകിയത്. കേസിൻറെ വിസ്താരത്തിൽ സാക്ഷി മൊഴികൾ ദിലീപ് അട്ടിമറിച്ചതിൻറെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീപിന്‍റെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്.

    Also Read- നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവ് സമ്പാദിക്കാനുള്ള ഒരുക്കത്തിൽ അന്വേഷണ സംഘം

    ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നതാണ് സംഭാഷണത്തിലുള്ളത്. ഈ വസ്തുതകളും ക്രൈംബ്രാഞ്ച് കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നു.

    അതേസമയം, നടിയെ ആക്രമിച്ച കേസിലെ  അന്വേഷണസംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട്  ദിലീപ്  നല്‍കിയ ഹര്‍ജി ഹൈക്കോടതി  തള്ളിയിരുന്നു. കേസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.  ദിലീപ് ആവശ്യപ്പെട്ടതുപോലെ അന്വേഷണം സിബിഐക്ക് കൈമാറാനും കോടതി തയാറായില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.

    Also Read- നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം നല്‍കി ഹൈക്കോടതി

    ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിന്‍റെ തുടന്വേഷണത്തിന് ഹൈക്കോടതി അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിച്ചിരുന്നു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മേയ് മുപ്പതിന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഡിജിപി ഉറപ്പ് നല്‍കണമെന്നും  കോടതി വ്യക്തമാക്കി.

    നേരത്തെ ഏപ്രില്‍ പതിനാലിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിനാലും ഇതിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.
    Published by:Arun krishna
    First published: