• HOME
  • »
  • NEWS
  • »
  • kerala
  • »
  • Audio clip |പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിയ്ക്കണം, അവധി പറയണം; ബാലചന്ദ്രകുമാറിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് ദിലീപ്

Audio clip |പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിയ്ക്കണം, അവധി പറയണം; ബാലചന്ദ്രകുമാറിൻ്റെ ശബ്ദരേഖ പുറത്തുവിട്ട് ദിലീപ്

താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്.

  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണമുന്നയിച്ച മുൻ സുഹുത്തും  സംവിധായകനുമായ ബാലചന്ദ്രകുമാറിനെതിരായ (Balachandra Kumar)  ശബ്ദസന്ദേശം (audio clip) പുറത്തുവിട്ട് നടൻ ദിലീപ് (Dileep). താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടിരിക്കുന്നത്.

ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണിത്. ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട ഇക്കാര്യം ചെയ്യാത്തതു കൊണ്ടാണ് തനിയ്ക്കെതിരായി കെട്ടിച്ചമച്ച തെളിവുകളുമായി എത്തിയതെന്നായിരുന്നു ദിലീപിൻ്റെ ആരോപണം. ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് വ്യക്തമാക്കുന്നു. അടുത്ത സുഹൃത്തും അമേരിക്കയിൽ താമസക്കാരനുമായ ജീമോൻ ജോർജിന് പത്തുലക്ഷം രൂപയും സുഹൃത്തിൻ്റെ അമ്മ ഇറ്റലിൽ താമസിയ്ക്കുന്ന മോളി ജോണിന് എട്ടര ലക്ഷം രൂപയുമാണ് നൽകാനുള്ളത്. വീടു നിർമ്മാണത്തിൻ്റെ ആവശ്യത്തിനായാണ് പണം വാങ്ങിയത്. പറഞ്ഞ അവധികൾ കഴിഞ്ഞിട്ട് നാളുകളേറെയായി. വീഡിയോ കോളിൽ ദിലീപ് തനിയ്ക്കായി രണ്ടു പേരോടും സംസാരിയ്ക്കണം. തൻ്റെ ചിത്രം മൂന്നു നാലു മാസത്തിനുള്ളിൽ ആരംഭിയ്ക്കും അതുവരെ അവധി നൽകണമെന്നുമാണ് ആവശ്യം.

കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് ഇപ്പോൾ താൻ പുറത്തുവിട്ടിരിക്കുന്നതെന്നും അവകാശപ്പെടുന്നു.

ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പാക്ക് പോക്കറ്റ് എന്ന ചിത്രത്തിൽ നിന്ന് ദിലീപ് സ്വയം പാൻമാറിയെന്നും ബാലചന്ദ്രകുമാർ പറയുന്നു. ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് റാഫിയോട് മറ്റൊരു ചിത്രത്തിന് തിരക്കഥയെഴുതാൻ ദിലീപ് നിർദ്ദേശം നൽകിയതായും ശബ്ദരേഖയിൽ ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നുണ്ട്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ദിലീപും  സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്.

ദിലീപ് അനുജന്‍ അനൂപിന് കൊടുക്കുന്ന നിര്‍ദേശമാണ് താൻ പുറത്തുവിട്ട ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഗ്രൂപ്പിലിട്ട് എങ്ങനെ കൊല്ലണം എന്ന് ഒരു സിനിമയിലെ രംഗം കൂടി ഉദാഹരിച്ച് കൊണ്ടാണ് ദിലീപ് വിശദമാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ അനുജൻ അനൂപിന്‍റെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ തെളിവ് നശിപ്പിക്കാം എന്നാണ് അനൂപ് പറയുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഓരോ അന്വേഷണ ഉദ്യോഗസ്ഥനെയും കൊല്ലേണ്ട രീതിയെ കുറിച്ചള്ള കൂടുതൽ ശബ്ദരേഖകൾ ഉണ്ടെന്നും അന്ന് സംസാരിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ വിശദീകരണം.

അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഗൂഢാലോചന വ്യക്തമായി നടന്നു എന്നതിന്‍റെ തെളിവാണിതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നാളെ രാവിലെ പത്തേകാലിനാണ് ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നത്. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദ പരിശോധനയ്ക്ക് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. പ്രതികളുടെ വീടുകളിൽ ഇതുസംബന്ധിച്ച നോട്ടീസും അന്വേഷണ സംഘം പതിപ്പിച്ചിരുന്നു.
Published by:Sarath Mohanan
First published: