• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം നല്‍കി ഹൈക്കോടതി

Actress Attack Case | നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം നല്‍കി ഹൈക്കോടതി

അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ദിലീപ്

ദിലീപ്

  • Share this:
    കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ (Actress Attack Case) തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മേയ് മുപ്പതിന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഡിജിപി ഉറപ്പ് നല്‍കണമെന്നും  കോടതി വ്യക്തമാക്കി.

    നേരത്തെ ഏപ്രില്‍ പതിനാലിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിനാലും ഇതിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

    അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മെയ് 31 വരെ സമയം നീട്ടിനല്‍കി ഉത്തരവിട്ടത്. മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

    Also Read- ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസ് അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

    അതിനിടെ, വധഗൂഢാലോചനാ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

    ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് കേസെടുത്തത്.

    Also Read- 'ദിലീപിനെതിരെ പുറത്തുവന്ന ശബ്ദരേഖ വെറും ടീസര്‍', പ്രതീക്ഷിച്ച വിധിയെന്ന് ബാലചന്ദ്രകുമാര്‍

    സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

    ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് ടി എൻ സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തു.
    Published by:Arun krishna
    First published: