• HOME
  • »
  • NEWS
  • »
  • kerala
  • »
  • അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹത; നടത്തിയത് പഴുതടച്ച അന്വേഷണം: കോടിയേരി ബാലകൃഷ്ണൻ

അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹത; നടത്തിയത് പഴുതടച്ച അന്വേഷണം: കോടിയേരി ബാലകൃഷ്ണൻ

എന്തുകൊണ്ടാണ് അവർ ഇപ്പോൾ കോടതിയിൽ പരാതി നൽകിയത് എന്നത് വ്യക്തമല്ല.അതിജീവിതയുടെ പരാതി കോടതിയിൽ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ എന്ന് കോടിയേരി വ്യക്തമാക്കി

  • Share this:
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ (Actress Attack Case)  അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) .പരാതിയുണ്ടായ അന്നു മുതൽ ഇന്നുവരെ  അതിജീവിതയ്ക്ക് ഒപ്പം നിന്ന സർക്കാരാണിത്. കേസിൽ പഴുതടച്ച അന്വേഷണം സർക്കാർ നടത്തി. പ്രത്യേക പ്രോസിക്യൂട്ടർ, പ്രത്യേക വിചാരണ കോടതി ,  എന്നിവയെല്ലാം അതിജീവിതയുടെ ആവശ്യവും സർക്കാരിൻറെ ഇടപെടലുമാണ്.ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്ക് ഒപ്പമാണ്. എല്ലാവിധ സംരക്ഷണവും അവർക്ക്  ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ ചീഫ് ഗസ്റ്റ് ആക്കിയ സർക്കാരാണിത്. പരസ്യമായി ഒരു പരിപാടിയിൽ പങ്കെടുപ്പിച്ചതിലൂടെ നല്ല സന്ദേശമാണ് സർക്കാർ നൽകിയത്. എന്തുകൊണ്ടാണ് അവർ ഇപ്പോൾ കോടതിയിൽ പരാതി നൽകിയത് എന്നത് വ്യക്തമല്ല.അതിജീവിതയുടെ പരാതി കോടതിയിൽ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. അവർക്ക്  എന്തെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാനോ കോടതിക്കു കൈമാറാൻ തെളിവുകളോ ഉണ്ടെങ്കിൽ അവർ സമർപ്പിക്കട്ടെ എന്നും ഇനിയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വളരെ പ്രമുഖനായ ഒരാളെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു . യുഡി എഫ് സർക്കാരിൻറെ കാലത്ത്  ഇങ്ങനെ സംഭവിക്കുമോയെന്നും സ്വാധീനമുള്ളയാളെ അറസ്റ്റ് ചെയ്യാൻ യുഡിഎഫിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്ത അയാളുമായി അടുത്ത ബന്ധം കോൺഗ്രസ് നേതാക്കൾക്കാണ്. അവരുമായി വേദി പങ്കിട്ട ആൾ ഇന്ന് രാജ്യസഭ അംഗമാണ്. ഇതെല്ലാം  കോൺഗ്രസ് നേതാക്കൾക്ക് ഉള്ള ബന്ധം തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻ


നടിയെ ആക്രമിച്ച കേസിൽ (Actress Attack case) തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് അതിജീവിത സർക്കാരിനെതിരെ ഹൈക്കോടതിയിൽ (Kerala High Court) നൽകിയ ഹർജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (EP Jayarajan). ഹർജിക്ക് പിന്നിൽ പ്രത്യേക താൽപ്പര്യമുണ്ടോയെന്ന് പരിശോധയ്ക്കണമെന്നാണ് ജയരാജൻ പറഞ്ഞത്.

Also Read- തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara By-election) സമയത്താണ് ഹര്‍ജി വന്നിരിക്കുന്നത്. ഇത് പക്ഷെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും സർക്കാർ അതിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആദ്യ ഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം കേസിൽ നിന്നും പിൻവാങ്ങുകയാണെന്നും അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അന്വേഷണം തടസ്സപ്പെടുത്തി,ഭരണമുന്നണിയിലെ ഉന്നത സ്വാധീനമുപയോഗിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതി സ്വീകരിക്കുന്നെന്നും ദിലീപും സർക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിക്കുന്നു.

ഇന്നലെ രാവിലെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. ദിലീപിന്റെ സുഹൃത്ത് ശരതിനെ മാത്രമാണ് പ്രതിപട്ടികയിൽ പുതിയതായി ചേർത്തത്. ദിലീപ് എട്ടാം പ്രതിയായി തുടരും. കേസിൽ ആകെ 10 പ്രതികളാണ് ഉള്ളത്.

തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അങ്കമാലി മുൻസിഫ് കോടതിയിൽ നടപടികൾ അറിയിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച കോടതിയിൽ നൽകാനിരിക്കുകയാണ്.
Published by:Arun krishna
First published: