Surabhi Lakshmi| വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരിക്കിയിറങ്ങിയ ഭർത്താവ് കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി ലക്ഷ്മി
Surabhi Lakshmi| വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തിരിക്കിയിറങ്ങിയ ഭർത്താവ് കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി ലക്ഷ്മി
നഗരത്തിലെ ഒരു ഇഫ്ത്താറിൽ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിർത്തുകയും ജീപ്പിനുള്ളിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു.
കോഴിക്കോട്: നഗരത്തിൽ വഴിതെറ്റി കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനായി അഭ്യർത്ഥിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാ നടി സുരഭി ലക്ഷ്മി കണ്ടു. ഉടൻ തന്നെ പൊലീസിൽ അറിയിച്ചതിനെ തുടർന്നു സമയത്ത് ആശുപത്രിയിലെത്തിക്കാനും ജീവൻ രക്ഷിക്കാനുമായി. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണ് മനോദൗർബല്യമുള്ള യുവതി കുഞ്ഞുമായി പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു ഭർത്താവ് പകൽ മുഴുവനും നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളർന്ന നിലയിൽ യുവതിയും കുഞ്ഞും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.
പൊലീസുകാർ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകിയ ശേഷം സ്റ്റേഷനിൽ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യിൽ നിന്നു ഭർത്താവിന്റെ നമ്പർ വാങ്ങി ഫോണിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളിൽ ഭർത്താവിന്റെ ഫോൺ ചാർജ് തീർന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭർത്താവ് ഉടൻ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പിൽ പുറപ്പെട്ടെങ്കിലും വഴിയിൽവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനത്തിൽ കുഴഞ്ഞു വീഴുകയുമായിരുന്നു.
ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാർ പുറത്തിറങ്ങി നിന്നു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറിൽ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിർത്തുകയും ജീപ്പിനുള്ളിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോൾ സുരഭിയും കൂടെപ്പോയി.
യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.