• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ചവറ പാറുക്കുട്ടിയമ്മ: കാലത്തോടും വ്യവസ്ഥിതിയോടും കലഹിച്ച ഒറ്റമരം

ആറ് പതിറ്റാണ്ടോളം കഥകളി അരങ്ങിൽ നിറഞ്ഞാടിയ ആ അമ്മ യാത്ര പറയുമ്പോൾ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. പ്രതിഭയും വീറും ഒരേ അളവിൽ അലിഞ്ഞു ചേർന്നൊരു വ്യക്തിത്വമായിരുന്നു പാറുക്കുട്ടി അമ്മയുടേത്. 

news18india
Updated: February 8, 2019, 1:37 PM IST
ചവറ പാറുക്കുട്ടിയമ്മ: കാലത്തോടും വ്യവസ്ഥിതിയോടും കലഹിച്ച ഒറ്റമരം
ചവറ പാറുക്കുട്ടി അമ്മ
news18india
Updated: February 8, 2019, 1:37 PM IST
#ആദർശ് ഓണാട്ട്

ചവറ പാറുക്കുട്ടി അമ്മ വിടവാങ്ങിയിരിക്കുന്നു. ആറ് പതിറ്റാണ്ടോളം കഥകളി അരങ്ങിൽ നിറഞ്ഞാടിയ ആ അമ്മ യാത്ര പറയുമ്പോൾ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. പ്രതിഭയും വീറും ഒരേ അളവിൽ അലിഞ്ഞു ചേർന്നൊരു വ്യക്തിത്വമായിരുന്നു പാറുക്കുട്ടി അമ്മയുടേത്. "ഞാൻ ആരേയും ഗൗനിച്ചില്ല. ഒത്തിരി ആൾക്കാർ കഥകളി പഠിക്കാൻ പോയപ്പോൾ എന്നെ കളിയാക്കി. അതൊന്നും ഞാൻ വകവെച്ചില്ല. മറിച്ച് അവരുടെയൊക്കെ കളിയാക്കലുകൾ ഈ കലയെ ആഴത്തിൽ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചു", 2013ൽ അവർ ഈ ലേഖകനോട് പറഞ്ഞതാണിത്.

പുരുഷകേന്ദ്രീകൃതമായ കഥകളിയുടെ വെളിച്ചത്തേക്ക് കടന്നുവന്ന ആദ്യ വനിതയാണ് അവർ. കഥകളിയോടും നൃത്തത്തോടും ഒക്കെയുള്ള അവരുടെ അടങ്ങാത്ത അഭിനിവേശത്തിന് പലകുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്‍റെ നാട്ടിലെ ക്ഷേത്രത്തിലെ ഏവൂർ കണ്ണമ്പള്ളി കളിയോഗമാണ് ആറാട്ട് ദിവസം രാത്രി കഥകളി അവതരിപ്പിക്കുക. ആ കളിയോഗത്തിലെ ഏറ്റവും പ്രമുഖ ചവറ പാറുക്കുട്ടി അമ്മയാണ്. ഞാനൊക്കെ കൗതുകത്തോടെ ഗ്രീൻ റൂമിന്‍റെ തിരശ്ശില വിടവിലൂടെ ഒളിഞ്ഞു കളിക്കാരുടെ ചുട്ടികുത്ത്  നോക്കുമ്പോൾ അവിടിരുന്നു ചെറുപുഞ്ചിരി വിടർത്തുന്നൊരമ്മയായാണ് ചവറ പാറുക്കുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരിക. ചില സമയങ്ങളിൽ അടുത്ത് വിളിച്ചു കുശലം ചോദിക്കുകയും ചെയ്യും. അതിനാൽ തന്നെ എന്‍റെ കുട്ടികാലത്ത് ഏറ്റവും പ്രിയപ്പെട്ട, എനിക്ക് പരിചയമുള്ള ഏക കഥകളി കലാകാരിയായിരുന്നു പാറുക്കുട്ടി അമ്മ.

2013ലാണ് ഒടുവിലായി പുല്ലുകുളങ്ങര ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കാൻ അവർ എത്തുന്നത്. അന്നത്തെ വേഷം കൃഷ്ണൻ ആയിരുന്നു എന്നാണ് ഓർമ. വൈകുന്നേരം ആറാട്ട് എഴുന്നള്ളത്തൊക്കെ കഴിഞ്ഞു മെല്ലെ ഗ്രീൻ റൂമിൽ അടുത്ത് കൂടി. കണ്ടപ്പോൾ പക്ഷേ ഓർമയില്ല. ടൈംസ് ഓഫ് ഇന്ത്യയിൽ കൊല്ലത്ത് ജോലി ചെയ്യുമ്പോൾ ചില ചടങ്ങുകൾക്ക് കണ്ടിട്ടുണ്ടെന്നും കുട്ടിക്കാലം മുതൽ അറിയാവുന്ന കലാകാരിയാണ് അമ്മയെന്നും പറഞ്ഞപ്പോൾ ചെറു ചിരിയോടെ അടുത്തു വിളിച്ചു. അപ്പോൾ കാര്യമായി തുണിയിൽ എന്തോ മിനുക്കു പണിയുടെ തിരക്കിലായിരുന്നു.

ചിരിച്ചു കൊണ്ട് എന്തുണ്ടെന്നു ചോദിച്ചു.

"ഇല്ല! കുറേക്കാലം കൂടി എത്തിയതല്ലേ കണ്ടു പരിചയം പുതുക്കാമെന്നു" ഞാനും പറഞ്ഞു.
"എനിക്കൊരു പുസ്തകം  എഴുതണമെന്നുണ്ട്. അമ്മയെക്കുറിച്ച്" ഞാൻ പറഞ്ഞു.

"എന്ത് പുസ്തകമെന്ന്" ചോദിച്ചു.

കഥകളി അരങ്ങിലെ ആദ്യ വനിതാസാന്നിധ്യമെന്ന നിലയിലും പുരുഷകേന്ദ്രീകൃത അരങ്ങിൽ എത്താനുമുള്ള സാഹചര്യവുമൊക്കെ വിവരിക്കുന്ന ഒരു ജീവചരിത്ര പുസ്തകം.

അത് ഉടനെ ഒരാൾ എഴുതുന്നുണ്ടെന്ന് പറഞ്ഞു നിരാശയായി. ഞാൻ ചിരിച്ചു. കുറച്ചുനേരം കൂടി അവിടെ ഇരുന്നു ഞാൻ മടങ്ങി. പാറുക്കുട്ടി അമ്മയെ പിന്നീട് ചവറയിൽ വെച്ച് തന്നെ കണ്ടപ്പോൾ പുസ്തകത്തെക്കുറിച്ച് ചോദിച്ചു. അത് ഉടൻ ഉണ്ടാവുമെന്ന് പറഞ്ഞു. ആ പുസ്തകം പുറത്ത് വന്നുവോ എന്നറിയില്ല. എങ്കിലും അക്ഷരമലയാളം അവർക്ക് അർഹിക്കുന്ന പരിഗണന കൊടുത്തില്ല എന്ന് തന്നെയാണ് തോന്നുന്നത്.

എന്നിരുന്നാലും പല കാലത്തായി പാറുക്കുട്ടി അമ്മ പറഞ്ഞ അവരുടെ ജീവിതം ഇപ്പോഴും ഓർമയിൽ ഉണ്ട്‌. നിറഞ്ഞ ദാരിദ്ര്യം ഉള്ള ഒരു കാലത്താണ് ചവറ പാറുക്കുട്ടി അമ്മയുടെ ജനനം. ചവറ ചേക്കാട്ട് കിഴക്കേതിൽ എൻ ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളായി. അറിവായ കാലം മുതൽ നൃത്തം പഠിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, വീട്ടിലെ ചുറ്റുപാട് പക്ഷേ അതിനു അനുവദിക്കുന്നതായിരുന്നില്ല. പിന്നെന്തു ഉപായം. കൂട്ടുകാരിയുടെ അമ്മ നൃത്താധ്യാപികയാണ്.

കുട്ടുകാരിക്കൊപ്പം അവരുടെ വീട്ടിൽ പോയി ആ അമ്മ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് നോക്കി പഠിക്കും. എന്നാലും ചുവടുകളും അടവുകളുമൊന്നും പലപ്പോഴും ഒത്തു വന്നിരുന്നില്ല എന്ന് സങ്കടപ്പെടും. കിട്ടിയ അറിവൊക്കെ വെച്ച് മിടുക്കിയായ പാറുകുട്ടി ആറാം ക്ലാസ്സിൽ വെച്ച് സ്റ്റേജിൽ കയറി നൃത്തം അവതരിപ്പിച്ചു എല്ലാവരെയും ഞെട്ടിച്ചു. തുടർന്നും നൃത്തം പഠിക്കാനുള്ള ശ്രമങ്ങളൊക്കെ സാമ്പത്തികത്തിൽ തട്ടി വീണു. അച്ഛൻ ആഭരണങ്ങൾ ഉരുക്കി കൊടുക്കുന്നതിന്‍റെ പ്രതിഫലമായി പാറുക്കുട്ടി അമ്മയെ നൃത്തം പഠിപ്പിക്കാൻ ഒരു നൃത്താധ്യാപിക തയ്യാറാവുന്നതോടെയാണ് പാറുക്കുട്ടി അമ്മയുടെ ജീവിതം വഴിത്തിരിവിൽ എത്തുന്നത്.

സ്കൂൾ വിട്ടു കോളേജിൽ എത്തിയപ്പോഴേക്കും പക്ഷേ നൃത്താഭിനിവേശം കഥകളിക്കു വഴിമാറി. പുരുഷന്മാർക്ക് പോലും കഥകളി പഠനം പ്രയാസമുണ്ടായിരുന്ന ഒരു കാലത്താണ് പതിനെട്ടുകാരിയായ പാറുക്കുട്ടി സധൈര്യം മുന്നോട്ടുവന്നത്. മുതുപിലാക്കാട് ഗോപാലപ്പണിക്കർ ആശാന് ആ പെൺകുട്ടിയിൽ വലിയ വിശ്വാസമായിരുന്നു. എന്നാലും പഠനം അത്ര എളുപ്പമായിരുന്നില്ല സാമ്പത്തികവും. ഒരു പെൺകുട്ടി കഥകളി പഠിക്കുന്നതിൽ കുശുമ്പൊക്കെ അവർക്കു നേരിടേണ്ടി വന്നു. പതിനെട്ടാം വയസ്സിൽ പൂതനാമോക്ഷത്തിലെ ലളിത പൂതനയായി കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ആദ്യ അരങ്ങിലെത്തുമ്പോൾ കഥകളിലോകത്തെ തന്നെ അവർ അദ്‌ഭുതപ്പെടുത്തിയിരുന്നു. പിന്നീട് തെക്കൻ തിരുവിതാംകൂറിൽ കഥകളി അരങ്ങുകളിൽ നിറസാന്നിധ്യമായി ഈ കലാകാരി മാറി. പോരുവഴി ഗോപാലപിള്ള ആശാനും, എന്‍റെ നാട്ടുകാരനായ മാങ്കുളം വിഷ്ണു നമ്പൂതിരിയുമായിരുന്നു പിന്നീട് കഥകളി പാഠങ്ങൾ ചൊല്ലിക്കൊടുത്തത്. എല്ലാത്തരം വേഷങ്ങളും അവർ അനായാസം അരങ്ങിൽ അവതരിപ്പിച്ചു.

ആറു പതിറ്റാണ്ടിനു മേൽ കഥകളി അരങ്ങിൽ നിത്യ സാന്നിധ്യമായിരുന്നു. ഒടുവിൽ വാർദ്ധക്യത്തിന്‍റെ അസ്കിതകൾക്കിടയിലും കളികൾക്ക് പോകാറുണ്ടായിരുന്നു. ഇക്കാലത്തിനിടയ്ക്ക് എല്ലാത്തരം പുരസ്കാരങ്ങളും അവരെ തേടിവന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ്, കൊട്ടാരക്കര തമ്പുരാൻ പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, ഹൈദരലി സ്മാരക പുരസ്‌കാരം, ഗുരു ചെങ്ങന്നൂർ പുരസ്‌കാരം തുടങ്ങി അനവധി നേട്ടങ്ങൾ. പ്രിയപ്പെട്ടൊരു അമ്മയാണവർ. കാലത്തോടും, വ്യവസ്ഥയോടുമൊക്കെ കലഹിച്ചു കഥകളിയുടെ മേളപ്പെരുക്കത്തിനിടയിലൂടെ യശസ്സും കീർത്തിയും സ്വന്തമാക്കി ഒരമ്മ. അവരുടെ വിയോഗം ഒരു നഷ്ടം തന്നെയാണ്. മലയാളത്തിനും കഥകളി ലോകത്തിനും.

First published: February 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...