• HOME
 • »
 • NEWS
 • »
 • kerala
 • »
 • രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; SFIക്കാരെ തടയാന്‍ കഴിഞ്ഞില്ല; പോലീസിന് പലതരത്തിൽ വീഴ്ച്ചയെന്ന് ADGP റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; SFIക്കാരെ തടയാന്‍ കഴിഞ്ഞില്ല; പോലീസിന് പലതരത്തിൽ വീഴ്ച്ചയെന്ന് ADGP റിപ്പോര്‍ട്ട്

അക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപീകരിക്കണമെന്ന് ADGP ശുപാര്‍ശ ചെയ്തു

 • Last Updated :
 • Share this:
  കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണം തടയുന്നതില്‍ പോലീസ് വിഴ്ച വരുത്തിയെന്നും എസ്എഫ്ഐക്കാര്‍ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടിയെന്നും എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിന് പലതരത്തില്‍ വീഴ്ച പറ്റിയതായി എഡിജിപി പറഞ്ഞത്.

  സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം തടയാൻ പോലീസിന് കഴിഞ്ഞില്ല. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ല എന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  അക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവർക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ എഡിജിപി ശുപാർശ ചെയ്തു.

  Also Read- ഓഫീസ് ആക്രമണം: വാഴ വെച്ചതിനുശേഷവും ഗാന്ധി ചുമരിലുണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ടും ചിത്രങ്ങളും

  മാർച്ച് നടത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ അനുമതി തേടിയില്ല. ആ ദിവസം 12.30ന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഉടൻ വയനാട് ജില്ലാ പൊലീസ് മേധാവിയെയും കൽപറ്റ ഡിവൈഎസ്പിയെയും അറിയിച്ചു. മൂന്നരയോടെ മാർച്ച് എത്തിയപ്പോൾ കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 പൊലീസുകാരാണ് അവിടെ ഉണ്ടായിരുന്നത്. വനിതകൾ അടക്കം മുന്നൂറിലേറെ എസ്എഫ്ഐക്കാർ എത്തിയതോടെ പോലീസ് നിസ്സഹായരായി. പോലീസിനെ കയ്യേറ്റം ചെയ്ത പ്രവർത്തകർ 2 വഴികളിലൂടെ ഓഫിസിലേക്ക് ഇരച്ചു കയറിയെന്നാണ് സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  Also Read- Rahul Gandhi Office attack | എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി

  അക്രമം തടയാൻ പോലീസ് അവരുടെ പിന്നാലെ ഓഫിസിനുള്ളിലേക്കു പോയില്ല. 3.37 മുതൽ 3.57 വരെയായിരുന്നു എസ്എഫ്ഐക്കാർ ഓഫിസിനുള്ളിൽ. അവിടെയുണ്ടായിരുന്ന 3 കോൺഗ്രസ് പ്രവർത്തകരെ ഇവർ കയ്യേറ്റം ചെയ്തു. ഓഫീസിലുണ്ടായിരുന്ന ഫയലുകൾ നശിപ്പിച്ച ശേഷം രാഹുൽ ഗാന്ധിയുടെ തകർത്ത ചിത്രം സഹിതം അദ്ദേഹത്തിന്റെ കസേരയിൽ വാഴ വച്ചു. 19 പേരെ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്തു.

  പിന്നീടു പുറത്തു പ്രതിഷേധിച്ച എസ്എഫ്ഐക്കാർ  പോലീസ് ബസ് തകർക്കുകയും 8 പോലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തു. കോൺഗ്രസുകാർ സംഘടിച്ചതോടെ അടിയന്തരമായി സമീപത്തെ വൻ പോലീസ് സംഘത്തെ വരുത്തി രാത്രിയോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കി’.  കഴിഞ്ഞ ദിവസമാണ് എഡിജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയത്.

  പോലീസ് വിഴ്ചയെ കുറിച്ച് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

  • ∙ സമരം തടയാൻ മുന്നൊരുക്കം നടത്തിയില്ല

  • ∙ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ബാരിക്കേഡ് സ്ഥാപിച്ചില്ല.

  • ∙ ഓഫിസിനുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നു സമരക്കാരെ തടഞ്ഞില്ല.

  • ∙ ഓഫിസിനുള്ളിലെ അക്രമം തടയാൻ പൊലീസ് എത്തിയില്ല.

  • ∙ കാര്യങ്ങൾ ഒന്നും മുൻകൂട്ടി അറിയാത്ത ജില്ലാ സ്പെഷൽ ബ്രാഞ്ച് ശക്തമാക്കണം.

  • ∙ കൽപറ്റ ഡിവൈഎസ്പിയുടെ വീഴ്ചകൾ ഗൗരവമായി പരിശോധിച്ച് കർശന നടപടി സ്വീകരിക്കണം.


  എസ്എഫ്ഐ അതിക്രമത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍

  • ∙ നിയമത്തോടും പൊലീസിനോടും തികഞ്ഞ അനാദരവായിരുന്നു സമരക്കാർക്ക്

  • ∙ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്തു.

  • ∙ തിരിച്ചറിയാവുന്ന എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു  നിയമത്തിനു മുൻപി‍ൽ കൊണ്ടു വരണം.

  • ∙ ശക്തമായ പൊലീസ് നടപടിയിലൂടെ ഇത്തരം പ്രവണത മുളയിലേ നുള്ളണം.

  Published by:Arun krishna
  First published: