വാട്സാപ്പ് (WhatsApp) ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ (Admin) ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി (HighCourt of Kerala). ഇതിനെ തുടര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി.ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരേ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക.
ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡ്മിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അഡ്മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്.
‘ഫ്രണ്ട്സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു ഹർജിക്കാരൻ. രണ്ടുപേരെ ഗ്രൂപ്പ് അഡ്മിനായും ചേർത്തിരുന്നു. ഇതിലൊരാൾ ഗ്രൂപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ ഷെയർ ചെയ്തതിന് എറണാകുളം സിറ്റി പോലീസ് ഇയാളെ ഒന്നാംപ്രതിയാക്കി ഐ.ടി. നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിന് രൂപംനൽകിയ ആളെന്ന നിലയിൽ ഹർജിക്കാരനെ കേസിലെ രണ്ടാംപ്രതിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ടും പോലീസ് ഫയൽ ചെയ്തു. തുടർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ കാര്യത്തിൽ അഡ്മിൻ ഉത്തരവാദിയായിരിക്കില്ലെന്ന് ബോംബെ, ഡൽഹി ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ടെന്നത് കോടതി ചൂണ്ടിക്കാട്ടി.
വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). കൊല്ലം (Kollam) എഴുകോണിലാണ് സംഭവം. ഇടയ്ക്കിടം മാവിലമുക്ക് ജിഷ്ണു സദനത്തിൽ ഗോപകുമാറിന്റെ മകൻ ജിഷ്ണുവിനെയാണ് (27 വയസ്സ്) എഴുകോൺ പോലീസ് (Kerala police) അറസ്റ്റ് ചെയ്തത്. എഴുകോൺ ഇടയ്ക്കിടം കിണറുമുക്കിൽ വൈഷ്ണവത്തിൽ പ്രതാപ് കുമാറിന്റെ വീട്ടിലാണ് ജിഷ്ണു അതിക്രമിച്ചു കയറി അക്രമം കാട്ടിയത്.
ഇന്ന് വെളുപ്പിന് 12.30നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതാപന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് പ്രതാപനും ഭാര്യ ശ്രീകുമാരിയും പുറത്തിറങ്ങിയ സമയം പ്രതി അസഭ്യങ്ങൾ വിളിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കിടന്ന ഇരുമ്പുകമ്പിയുമായി ശ്രീകുമാരിയേയും പ്രതാപനേയും ആക്രമിക്കുകയായിരുന്നു. അതിനുശേഷം പ്രതി വീടിന്റെ ജനൽ പാളികൾ അടിച്ചുതകർക്കുകയും മുറ്റത്ത് കിടന്ന ആൾട്ടോ കാർ, സ്വിഫ്റ്റ് കാർ, ആക്ടീവ സ്കൂട്ടർ, പിക്കപ്പ് വാൻ, ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ, എന്നിവ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകർക്കുകയും ചെയ്തു.
ശ്രീകുമാരിയുടെ മകളുടെ ഫോൺ നമ്പർ പ്രതിക്ക് കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി അതിക്രമം നടത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പ്രതാപനും ശ്രീകുമാരിക്കും പരിക്ക് പറ്റുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചതിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീകുമാരിയുടെ പരാതിയിൽ കേസെടുത്ത എഴുകോൺ പോലീസ് ഇന്ന് ഉച്ചയോടെ കേസിൽ പ്രതിയായ ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു. എഴുകോൺ ഐ.എസ്.എച്ച്.ഒ. ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ. അനീസ്, എസ്. സി. പി. ഒ. ഗിരീഷ്, ബിനിൽ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.