കൊച്ചി: കേരളത്തിൽ നിന്നുള്ള ഇടത് എം പിമാർക്ക് ലക്ഷദ്വീപ് ഭരണകൂടം സന്ദർശന അനുമതി നിഷേധിച്ചു. എംപിമാരുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് കളക്ടർ അസ്കർ അലിയുടെ റിപ്പോർട്ട്. എംപിമാർ ദ്വീപിൽ എത്തി ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് കോവിഡ് പടരുന്നതിന് ഇടയാക്കും. ദ്വീപ് സന്ദർശനത്തിന് ആവശ്യമായ രേഖകൾ അപേക്ഷയ്ക്കൊപ്പം നൽകിയില്ലെന്നും സന്ദർശനം ദ്വീപിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എം പി മാരായ എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ്, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ, തോമസ് ചാഴിക്കാടൻ, ജോൺ ബ്രിട്ടാസ്, കെ. സോമപ്രസാദ്, എന്നിവരാണ് ലക്ഷദ്വീപിലേക്ക് പോകാൻ അപേക്ഷ നൽകിയത്. ഇത് സംബന്ധിച്ച് എം പിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കയാണ് കളക്ടറുടെ നടപടി.
ഇടത് എംപിമാരുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും ഇവരുടെ സന്ദർശനം കൊണ്ട് ദ്വീപിൽ അനാവശ്യമായ കൂടിച്ചേരലുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ മൂലം ദീപിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സന്ദർശനം കൊണ്ട് ഇതിൻ്റെ ലംഘനം ഉണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊലീസും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വിശദാംശങ്ങൾ നൽകിയിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചു കൊണ്ട് കളക്ടർ ഉത്തരവിറക്കിയത്.
Also Read-
'ദൃശ്യം' മോഡൽ ഡൽഹിയിലും; സിനിമ കണ്ടു പദ്ധതി തയ്യാറാക്കി; പക്ഷേ, ഒടുവിൽ എല്ലാം പാളിലക്ഷദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ രേഖകളും ഇടത് എംപിമാർ സമർപ്പിച്ചിട്ടില്ല എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ. ദീപ സന്ദർശിക്കുന്നതിന് ദ്വീപ് നിവാസിയായ ഒരാളുടെ സ്പോൺസർഷിപ്പ് അടക്കംം ആവശ്യമാണെന്ന് കളക്ടറുടെ റിപ്പോർട്ട് പറയുന്നു. എന്നാൽ അത് രേഖകളിൽ ഇല്ല.
ദ്വീപ് സന്ദർശിക്കുന്നതിന് തങ്ങൾക്ക് ഇപ്രകാരം രേഖകൾ ആവശ്യമില്ലെന്നാണ് എംപിമാരുടെ വാദം. ജനപ്രതിനിധികൾ എന്ന നിലയിൽ ഭരണഘടന തങ്ങൾക്ക് അതിനുള്ള പരിരക്ഷ നല്കുന്നുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഇപ്പോൾ കളക്ടർ റിപ്പോർട്ട് നല്കിയത്. കോടതിയിലും ഈ നിലപാട് ആവർത്തിക്കും.
നേരത്തെ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവരുടെ അപേക്ഷയും കളക്ടർ നിഷേധിച്ചിരുന്നു. സമാന കാരണങ്ങളാണ് അന്നും കളക്ടർ ഉന്നയിച്ചത്. കഴിഞ്ഞ മാസം ലക്ഷദ്വീപ് യാത്രക്ക് അനുമതി തേടിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി എൻ പ്രതാപൻ എം പിയുടെയും ഹൈബി ഈഡൻ എം പിയുടേയും അപേക്ഷകൾ ദ്വീപിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏഴു ദിവസം ക്വറൻ്റീൻ നിർബന്ധമാണെന്നു ചൂണ്ടിക്കാട്ടി അനുവദിച്ചിരുന്നില്ല. തുടർന്ന് ക്വറന്റീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്ന് എം പിമാർ അറിയിച്ചിട്ടും അനുമതി നൽകാൻ അഡ്മിനിസ്ട്രേഷൻ തയ്യാറായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.