• HOME
  • »
  • NEWS
  • »
  • kerala
  • »
  • Helicopters | ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തീര സംരക്ഷണത്തിന് കരുത്തേകാൻ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ

Helicopters | ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തീര സംരക്ഷണത്തിന് കരുത്തേകാൻ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ

പരമ്പരാഗത ജലപീരങ്കി സല്യൂട്ട് നൽകി ആചാരപരമായാണ് ഹെലികോപ്റ്ററുകളെ സ്വാഗതം ചെയ്തത്

Advanced Light Helicopter - ALH-DHRUV choppers

Advanced Light Helicopter - ALH-DHRUV choppers

  • Last Updated :
  • Share this:
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച MK-III ശ്രേണിയിൽപെട്ട രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (Advanced Light Helicopter - ALH-DHRUV) കൊച്ചി തീരസംരക്ഷണ സേനയുടെ (Coast Guard, Kochi) ഭാഗമായി. പരമ്പരാഗത ജലപീരങ്കി സല്യൂട്ട് (water salute) നൽകി ആചാരപരമായാണ് ഹെലികോപ്റ്ററുകളെ സ്വാഗതം ചെയ്തത്. സേനയുടെ ഭാഗമായതോടെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താർജിക്കും.

ഭാരത സർക്കാർ പദ്ധതിയായ ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തതാണ്  MK-III ശ്രേണിയിൽപെട്ട ധ്രുവ് ഹെലികോപ്റ്റർ. ഇതിന്റെ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് ഈ ശ്രേണിയിലെ പത്തു ഹെലികോപ്റ്ററുകൾ തീരസംരക്ഷണ സേനയ്ക്ക് നൽകിക്കഴിഞ്ഞു. അത്യാധുനിക സെൻസറുകളും ആയുധങ്ങളും ഉൾക്കൊള്ളുന്ന ഒരു നാവിക ഹെലികോപ്റ്ററാണ് ധ്രുവ് MK III. ഈ ഹെലികോപ്റ്ററുകളിൽ ആധുനിക നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.

പകലും രാത്രിയും ഏത് കാലാവസ്ഥയിലും, ദീർഘദൂര തിരച്ചിലിനും, രക്ഷാ പ്രവർത്തനങ്ങൾക്കും, സമുദ്ര നിരീക്ഷണങ്ങൾക്കും ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനാകും. കൂടാതെ പ്രതിരോധ ആവശ്യങ്ങൾക്കായി ഒരു ഹെവി മെഷീൻഗണ്ണും  ഉണ്ട്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഫ്ളൈയിംഗ് പരിശീലകൻ കൂടിയായ കമാൻഡന്റ് കുനാൽ ചന്ദ്രകാന്ത് നായിക്കാണ് സ്ക്വാഡ്രോന്റെ മേധാവി.



Also read: ഡ്രോണുകളുടെ ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കല്‍ : ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ഡ്രോണുകളുടെ (Drones) ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ സര്‍ക്കാര്‍ (Government).

ഗവേഷണ-വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങള്‍ക്കുമുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഇറക്കുമതികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ നിന്നും അനുമതി ആവശ്യമാണ് ഉത്തരവ് വ്യക്തമാക്കുന്നു.

ബുധനാഴ്ചയാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിദേശ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത ഗവേഷണ-വികസന സ്ഥാപനങ്ങള്‍, ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഡ്രോണുകളുടെ ഇറക്കുമതി CBU, SKD അല്ലെങ്കില്‍ CKD രൂപത്തില്‍ അനുവദിക്കും. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് DGFT നല്‍കുന്ന ഇറക്കുമതി അംഗീകാരത്തിന് വിധേയമായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
Published by:user_57
First published: