കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി. പ്രചരണ പ്രവർത്തനങ്ങളുമായി സഹകരിക്കേണ്ടന്ന് ഉപ്പളയിൽ ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.പ്രതിഷേധം ഭയന്ന് സ്ഥാനാർഥി മണ്ഡലത്തിൽ എത്തിയില്ല.
പാർട്ടി ജില്ല പ്രസിഡന്‍റും യുഡിഎഫ് ജില്ലാ ചെയർമാനുമായ എം.സി കമറുദ്ദീനെ മഞ്ചേശ്വരം മണ്ഡലത്തിലെസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രാദേശികവാദം ഉന്നയിച്ച് ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉപ്പളയിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.
തങ്ങളുടെ വാദം നേതൃത്വത്തിനെ കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയാത്ത മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ടി.എ മുസ രാജി വെക്കണം എന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം പ്രചാരണരംഗത്ത് ഇറങ്ങിയാൽ മതിയെന്നാണ് ഇവരുടെ തീരുമാനം.
ഇതിനിടയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ.ആരിഫ് രാജിസന്നദ്ധത അറിയിച്ചു. പരസ്യപ്രതികരണത്തിന് അണികൾ തയ്യാറായിട്ടില്ല. പ്രതിഷേധം ഭയന്ന് സ്ഥാനാർഥി മണ്ഡലത്തിൽ എത്തിയില്ല. അതേസമയം, അഭിപ്രായഭിന്നതകൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നാണ് എം.സി കമറുദ്ദീന്‍റെ പ്രതകരണം.
പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് മണ്ഡലത്തിലെ ചുമതല.ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണരംഗത്ത് മേൽക്കൈ നേടാനുള്ള നേതൃത്വത്തിന്‍റെ കണക്കു കൂട്ടലാണ് പ്രാദേശികവാദം ഉന്നയിക്കുന്ന പ്രവർത്തകരുടെ പ്രതിഷേധത്തിൽ കരടായി മാറിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.