തിരുവനന്തപുരം: നാല് ദശാബ്ദത്തിന്റെ ഇടവേളക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ (Chala Boys Higher Secondary School) പെൺകുട്ടികൾ പഠിക്കാനെത്തും. ഇന്ന് ആരംഭിക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി ക്ലാസുകളിലാണ് പെൺകുട്ടികൾ പ്രവേശനം നേടിയിരിക്കുന്നത്. അഡ്മിഷൻ എടുത്ത പെൺകുട്ടികളെ സ്വീകരിക്കാൻ മന്ത്രി എത്തും.
ഏറെ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ വലിയശാല കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാന്തളൂർ ശാലയുടെ ഭാഗമായി പിന്നീട് ആരംഭിച്ചതാണ് ഈ സ്കൂൾ. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണ് ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേൾസ് സ്കൂൾ, തമിഴ് സ്കൂൾ, ബോയ്സ് സ്കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്സഡ് സ്കൂൾ ആയി മാറിയിരിക്കുന്നത്.
വർഷങ്ങളായുള്ള സ്കൂളിലെ അധ്യാപകരുടെ ശ്രമങ്ങൾക്കാണ് ഒടുവിൽ ഫലം കാണുന്നത്. പഴയ രീതി പിന്തുടർന്ന് പോകുന്നത് കൊണ്ട് തന്നെ തിരുവനന്തപുരം നഗരത്തിൽ മിക്സഡ് സർക്കാർ ഹയർസെക്കൻഡറി സ്കൂളുകൾ കുറവാണെന്ന പരാതിയാണ് അധ്യാപകർക്ക്. മിക്സഡ് സ്കൂളുകൾ വരുന്നതോടെ ഹയർസെക്കൻഡറിയിലെ പ്രത്യേക വിഷയങ്ങൾക്ക് ഇനി പെൺകുട്ടികൾക്കും അവസരം നഷ്ടമാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ- പെൺ വേർതിരിവ് പാടില്ല എന്ന് ബാലാവകാശ കമ്മീഷനും അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
Also Read- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും; 'ചേക്കുട്ടി' മികച്ച ബാലസാഹിത്യ കൃതി
ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന സമ്മേളനം രാവിലെ 9 30ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും. പെൺകുട്ടികൾക്ക് ഫല വൃക്ഷത്തൈകളും, ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരവും പ്രസ്തുത സമ്മേളനത്തിൽ വിതരണം ചെയ്യും. തിരുവനന്തപുരം കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സലിം, വലിയശാല വാർഡ് കൗൺസിലർ എസ് കൃഷ്ണകുമാർ, തണൽ പ്രോഗ്രാം കോഡിനേറ്റർ ജിഷ്ണു എം, പി ടി എ പ്രസിഡന്റ് സതീഷ് കുമാർ വി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖരൻ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.