• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില കൂടി; 10 മുതൽ 20 രൂപ വരെ വർധന

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില കൂടി; 10 മുതൽ 20 രൂപ വരെ വർധന

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജനപ്രിയ ബ്രാന്‍ഡായ ജവാന്‍-റമ്മിന് 10 രൂപ വരെ കൂടി.

 • Share this:

  തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറിനും വൈനിനും വില വർധിപ്പിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് (ഐഎംഎഫ്എല്‍) ശനിയാഴ്ച മുതൽ വില കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബിയറിന്റെയും വൈനിന്റെയും വില വര്‍ധിപ്പിച്ചത്. ഇവയുടെ പുതിയ നിരക്ക് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു.

  ‘അവസാന നിമിഷത്തിലാണ് ബിയറിന്റെയും വൈനിന്റേയും വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ബിവറേജസ് കോർപറേഷൻ വില വര്‍ധനയെപ്പറ്റി വ്യക്തമാക്കിയത്. അതേസമയം ബിയറിന്റെയും വൈനിന്റെയും കാര്യത്തിൽ ബില്ലിംഗ് സോഫ്റ്റ് വെയറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും,’ ബെവ്‌കോ പ്രതിനിധി പറഞ്ഞു

  സംസ്ഥാനത്തെ പൊതുവില്‍പ്പന നികുതിയില്‍ ഏര്‍പ്പെടുത്തിയ നാല് ശതമാനം വര്‍ധനയോടെ നിലവില്‍ ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ നികുതി യഥാക്രമം 251 ശതമാനം, 116 ശതമാനം, 86 ശതമാനം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

  Also read-ലോകകപ്പിൽ ബ്രസീൽ തോറ്റ മത്സരം കാണുന്നതിനിടെ സ്ട്രോക്ക് വന്ന ആരാധകനായ ഫുട്ബോൾതാരം ഗുരുതരാവസ്ഥയിൽ

  ഐഎംഎഫ്എല്‍ വിഭാഗത്തിലെ ഏറ്റവും വില കുറവുള്ള ബ്രാന്‍ഡുകള്‍ക്ക് നിലവിലെ പരിഷ്‌കരണത്തിലൂടെ 10 രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ വിലയുടെ രണ്ട് ശതമാനം വര്‍ധനയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. അതേസമയം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജനപ്രിയ ബ്രാന്‍ഡായ ജവാന്‍-റമ്മിന് 10 രൂപ വരെ കൂടി.

  നേരത്തെ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (ഇഎന്‍എ) വിലവര്‍ധന ചൂണ്ടിക്കാട്ടി ഡിസ്റ്റലറികള്‍ മദ്യ വിതരണം വെട്ടിക്കുറച്ച സാഹചര്യമുണ്ടായിരുന്നു. അന്ന് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷനും രംഗത്തെത്തിയിരുന്നു. മദ്യ ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവാണ് ഇഎന്‍എ. കരിമ്പ് , ധാന്യങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്.

  Also read-ശബരിമലയിൽ പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ; പുതിയ സംവിധാനം ഇന്ന് വൈകിട്ട് മുതൽ

  ഇക്കഴിഞ്ഞ നവംബറില്‍ മദ്യത്തിന് 2 ശതമാനം വില വര്‍ധനവിനെപ്പറ്റി ആലോചിക്കുന്നതായി സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇതുപ്രകാരം പരമാവധി 10 രൂപയുടെ വര്‍ധനവുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിര്‍മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ അന്ന് ചേര്‍ന്ന മന്ത്രിസഭയോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നത്.

  സംസ്ഥാനത്ത് നിര്‍മിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോള്‍ 13 ശതമാനം വിറ്റുവരവ് നികുതിയാണ് നല്‍കേണ്ടത്. ഇതൊഴിവാക്കണമെന്ന് ഡിസ്റ്റിലറികള്‍ ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒക്ടോബര്‍ മുതല്‍ പല ഡിസ്റ്റിലറികളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടിരുന്നു.

  2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്.

  Published by:Sarika KP
  First published: