കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥികളെച്ചൊല്ലിയുള്ള തർക്കം മുന്നണിയിലും കോൺഗ്രസിലും രൂക്ഷമാകുന്നു. യുഡിഎഫും ആര്‍എംപിയും ചേര്‍ന്നുള്ള ജനകീയ മുന്നണിയുടെ പ്രതിനിധി സുഗതനാണ് വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ സ്ഥാനാര്‍ഥി. സുഗതന്‍ ആര്‍ എം പി ഏരിയ കമ്മിറ്റിയംഗമാണ്.
കോണ്‍ഗ്രസ് വിമതനായ ജയകുമാറും മത്സരംഗത്തുണ്ട്. ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍
മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തിലേ കെ മുരളീധരന്‍ രംഗത്തുവരികയുമുണ്ടായി.
മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ വടകരയില്‍ പ്രചാരണത്തിനില്ലെന്നാണ് കെ മുരളീധരന്റെ നിലപാടെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഇന്നലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും മുരളീധരന്‍ പങ്കെടുത്തില്ല.
കല്ലാമല ഡിവിഷനിലാണ് മുല്ലപ്പള്ളിയുടെ വീട്. മുല്ലപ്പള്ളി അറിയാതെ ജയകുമാര്‍ ഈ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകില്ലെന്നാണ് കെ മുരളീധരന്‍ പക്ഷത്തിന്റെ നിലപാട്. മുരളീധരന്റെ നിലപാടിനെ പിന്തുണച്ച് ആർ എം പി യും മുസ്ലീം ലീഗ് രംഗത്തു വന്നു.
ഒറ്റക്കെട്ടായി ആര്‍എംപി സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കാനാണ് യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലും വടകര നഗരസഭയിലും ജനകീയ മുന്നണി മത്സരിക്കുന്നുണ്ട്. മുല്ലപ്പള്ളിക്കൊപ്പം നിൽക്കുന്നവർ വിമതന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് ലീഗിനെയും ആർ എം പിയെയും ചൊടിപ്പിച്ചിട്ടുണ്ട്.
മുല്ലപ്പള്ളി വിമതനെ പിന്തുണയ്ക്കരുതെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ധാരണയനുസരിച്ച് മുന്നോട്ടു പോകുമെന്ന് ആർ എം പി ജനറൽ സെക്രട്ടറി എൻ വേണു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.