• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM| മെഗാ തിരുവാതിരയ്ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേളയും; വീണ്ടും വിവാദം

CPM| മെഗാ തിരുവാതിരയ്ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേളയും; വീണ്ടും വിവാദം

സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ വിവാദമൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്.

  • Share this:
    തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ച് മെഗാതിരുവാതിര (Mega Thiruvathira) സംഘടിപ്പിച്ചത് വിവാദമായതിന് പിന്നാലെ സിപിഎം (CPM) തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്. ടിപിആര്‍ 30 ശതമാനത്തിന് മുകളിൽ നില്‍ക്കുന്ന ജില്ലയില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ഗാനമേള നടന്നത്.

    സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ വിവാദമൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വോളണ്ടിയര്‍മാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ കളക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയായിരുന്നു ജില്ലാ സമ്മേളന വേദിയിലെ ഗാനമേള.

    കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന ജില്ലാ സമ്മേളമായിരുന്നു തിരുവനന്തപുരത്തേത്. കോവിഡിനെത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രകടനവും പൊതുവേദിയിലുള്ള പൊതുസമ്മേളനവും ഉപേക്ഷിച്ചിരുന്നു. പ്രകടനവും പൊതുസമ്മേളനവും ഇല്ലാത്ത ആദ്യ ജില്ലാസമ്മേളനമായി പാറശ്ശാല സമ്മേളനം മാറിയതായും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു.

    Also Read- CPM| 'തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി'; ക്ഷമ ചോദിച്ച് സംഘാടക സമിതി

    ഒരുലക്ഷത്തിലധികം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള പ്രകടനമാണ് നേതൃത്വം തീരുമാനിച്ചിരുന്നത്. പാറശ്ശാലയില്‍നിന്നു പ്രവര്‍ത്തകരും സമ്മേളന പ്രതിനിധികളും അടങ്ങുന്ന സംഘം ചെറുവാരക്കോണം മൈതാനത്തേക്ക് പ്രകടനമായി എത്താനായിരുന്നു പദ്ധതി. എന്നാല്‍, കോവിഡ് നിയന്ത്രണം ആരംഭിച്ചതോടെ സമ്മേളന പ്രതിനിധികള്‍ മാത്രമായി ചുരുക്കുകയും തുടര്‍ന്ന് പ്രകടനം ഉപേക്ഷിക്കുകയുമായിരുന്നു. പകരം സമ്മേളനവേദിയില്‍ വെര്‍ച്വലായി പൊതുസമ്മേളനം നടത്തി.

    സംസ്ഥാനത്ത് BJP പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതായി കെ സുരേന്ദ്രൻ

    ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ (BJP) എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടിപിആറാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കോവിഡ് പ്രോട്ടോകോൾ (Covid Protocol) പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന എറണാകുളത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് കഴിഞ്ഞ ദിവസം ബിജെപിയുടെ പൊതുപരിപാടി സംഘടിപ്പിച്ചത് വിവാദമായിരുന്നു. 500ലധികം പേരാണ് പരിപാടിയിൽ‌ പങ്കെടുത്തത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

    എറണാകുളം ജില്ലയില്‍ ജനുവരി 16ന് 3204 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ 30ന് മുകളിലുമാണ്. ഈ സാഹചര്യത്തിലാണ് പൊതു പരിപാടികള്‍ക്കടക്കം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് ലംഘിച്ചാണ് ബിജെപി പെരുമ്പാവൂരില്‍ പരിപാടി സംഘടിപ്പിച്ചത്.

    പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തി. ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുകയും ചെയ്തു.പെരുമ്പാവൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അടക്കം എട്ടു പോലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിയ്ക്കുകയും ചെയ്തിരുന്നു. ഈ പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ അടുത്താണ് ബിജെപിയുടെ പരിപാടി നടന്നത്. കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് പരിപാടി നടത്തിയതിന് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.
    Published by:Rajesh V
    First published: