തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താം ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിൽപാത പഴയ പ്രഖ്യാപനത്തിന്റെ പുതിയ പതിപ്പ്. തെക്ക്- വടക്ക് സമാന്തര റെയിൽപാതയുടെ നിർമാണം 2020ൽ ആരംഭിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾക്ക് തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂര്‍ കൊണ്ട് കാസർകോട് എത്താനാകുമെന്നും ഐസക് പറയുന്നു. പുതിയ പാത പ്രഖ്യാപിച്ചപ്പോൾ ചെലവ് ഒരു ലക്ഷം കോടി കുറഞ്ഞു. ഓടിയെത്തുന്ന സമയം രണ്ടുമണിക്കൂർ കൂടുകയും ചെയ്തു.
2009ലാണ് തോമസ് ഐസക് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രഖ്യാപിച്ചത്. 300 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾ കാസർകോട് രണ്ട് മണിക്കൂറും 22 മിനിറ്റും കൊണ്ട് എത്തുമെന്നായിരുന്നു പ്രഖ്യാപനം. അന്നത്തെ പദ്ധതിക്ക് ചെലവ് 1.55 ലക്ഷം കോടിയായിരുന്നെങ്കിൽ പുതിയ ബജറ്റിലെ പദ്ധതിക്ക് 55,000 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പഴയ പദ്ധതി നടപ്പാക്കുന്നതിനായി രൂപീകരിച്ച കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ആഴ്ചകൾക്ക് മുൻപാണ് അടച്ചുപൂട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നൂറുകോടിയിൽ അധികം രൂപയാണ് കോർപറേഷന്റെ പ്രവർത്തനത്തിനായി ഇതുവരെ ചെലവഴിച്ചത്. ഈ കോർപറേഷൻ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് പുതിയ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പഴയ അതിവേഗ ട്രെയിൻ പദ്ധതി ഇങ്ങനെ
മുൻ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കേരള സ്റ്റേറ്റ് ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷൻ പ്രവർത്തിച്ചുവന്നത്. 2016 ജൂലായിൽ വിശദമായ പഠന റിപ്പോർട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സമർപ്പിച്ചിരുന്നു. വിശദമായ റൂട്ട് മാപ്പടക്കുള്ള റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ജപ്പാന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കാനായിരുന്നു പദ്ധതി. ഏഴുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നും ഇത്രയും കാലയളവുകൊണ്ട് പദ്ധതി ലാഭത്തിലാവുമെന്നും ഡിഎംആർസി വ്യക്തമാക്കി. 40 വര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയില്‍ പദ്ധതിച്ചെലവിന്റെ 85 ശതമാനം വായ്പ നല്‍കാന്‍ ജപ്പാന്‍ (ജൈക്ക ഏജൻസി) സന്നദ്ധതയും അറിയിച്ചു. ഏറ്റവും ജന-വാഹന സാന്ദ്രതയേറിയ കേരളത്തില്‍ അനുയോജ്യമായ പദ്ധതിയാണിതെന്നും വാഹനപ്പെരുപ്പം തടയാനും റോഡപകടങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കി.മി. ദൂരത്തിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. കാസര്‍കോട് വരെ നീട്ടുന്നത് ലാഭകരമായിരിക്കില്ല എന്നായിരുന്നു വിലയിരുത്തല്‍. ലാഭകരമാവണമെങ്കില്‍ മംഗലാപുരം വരെ നീട്ടണം. അതിന് കര്‍ണാടക സര്‍ക്കാരും തീരുമാനിക്കണം. പിന്നീട് കാസര്‍കോടിനെയും പദ്ധതിയിൽ ഉള്‍പ്പെടുത്തി. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താന്‍ രണ്ട് മണിക്കൂറും 22 മിനിറ്റുംമതി. നിലവിലുള്ളതിന് സമാന്തരമായി പ്രത്യേക പാളം നിര്‍മിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ പദ്ധതിക്ക് ഭീമമായ ചെലവുവരുന്നതിനാൽ ലാഭകരമായിരിക്കില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം.
പുതിയ പ്രഖ്യാപനം: തെക്ക്- വടക്ക് സമാന്തര റെയിൽപാത
2020ൽ തെക്ക്- വടക്ക് സമാന്തര റെയിൽപാതയുടെ നിർമാണം ആരംഭിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകൾക്ക് തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ നാലു മണിക്കൂര്‍ മതി. ഇടത്തരം വേഗതയിലുള്ള ട്രെയിനുകൾക്ക് വേണ്ടി പുതിയൊരു ഗ്രീൻഫീൽഡ് പാതയെന്ന നിർദേശം സർക്കാർ അംഗീകരിച്ചു. നിലവിലുള്ള പാതയിൽ നിന്നും സ്വതന്ത്രമായ എലവേറ്റഡ് ഡബിൾ ലൈൻ പാതയായിരിക്കും ഇത്. പുതിയ പാതയുടെ ദൈർഘ്യം 515 കിലോമീറ്റർ. നിലവിലുള്ള പാതയെക്കാൾ 65 കിലോമീറ്റർ കുറവായിരിക്കും ഇത്. നിലവിലുള്ള പാതയുമായി തിരുവനന്തപുരം, കാസർകോട് എന്നിവിടങ്ങളിൽ മാത്രമേ പുതിയ പാത ബന്ധപ്പെടുന്നുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High speed rail project, Kerala budget, Kerala Budget 2019, Kerala budget today, Kerala Finance Minister, Kerala high speed rail corporation, Kerala high speed railway line, Kerala State Budget, Pinarayi vijayan, Thomas issac, അതിവേഗ റെയിൽ പദ്ധതി, അതിവേഗ റെയിൽപ്പാത, കേരള ബജറ്റ്, കേരള ബജറ്റ് 2019