തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിന് ശേഷം ചെറിയാന്‍ ഫിലിപ്പ്(Cherian Philip) കോണ്‍ഗ്രസ്(Congress) അംഗത്വം സ്വീകരിച്ചു. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനില്‍ നിന്ന് ചെറിയാന്‍ ഫിലിപ്പ് അംഗത്വം സ്വീകരിച്ചു. ഉമ്മന്‍ ചണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, പിടി തോമസ് തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് പാഠപുസ്തകമാണ് ചെറിയാന്‍ ഫിലിപ്പെന്ന് കെ സുധാകരന്‍ പറഞ്ഞു. ചെറിയ പരിഭവങ്ങളുടെ പേരില്‍ മാറി നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് നിരവധി ആളുകള്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
പതിറ്റാണ്ടു കാലം വിശ്വസ്തനായി നിന്ന ചെറിയാനെ തള്ളിപ്പറയാന്‍ എങ്ങനെ പിണറായിക്ക് സാധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഎമ്മിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെങ്കില്‍ തനിക്ക് കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോവുകയുമാവാമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചെങ്കിലും സിപിഎം അംഗത്വം സ്വീകരിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടത് സ്ഥാനാർത്ഥിയായി മൽസരിച്ചു. കെടിഡിസി ചെയർമാനായും കഴിഞ്ഞ പിണറായി സർക്കാർ കാലയളവിൽ നവകേരളമിഷൻ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ്സിൽ എ കെ ആന്റണിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഫിലിപ്പ് ആന്റണിയുടെ ആശിർവാദത്തോടെ തന്നെയാണ് കോൺഗ്രസ്സിൽ തിരിച്ചെത്തുന്നതുമെന്ന പ്രത്യേകതയുമുണ്ട്.
Also Read-ചെറിയാൻ ഫിലിപ്പ് എന്തുകൊണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസിൽ തിരിച്ചെത്തി?
എന്തുകൊണ്ട് ഇതുപക്ഷം വിട്ടു എന്ന ചോദ്യത്തിന് ഇത് വരെ ചെറിയാൻ ഫിലിപ്പ് വ്യക്തത വരുത്തിയിട്ടില്ല. സിപിഎമ്മുമായുള്ള അകൽച്ച പലപ്പോഴും പ്രകടമാക്കിയെങ്കിലും നേതൃത്വത്തേയോ, മുഖ്യമന്ത്രി പിണറായി വിജയനേയോ തള്ളി പറയാൻ ചെറിയാൻ ഫിലിപ്പ് തയ്യാറായിട്ടില്ല. പ്രതീക്ഷിച്ച രാജ്യ സഭ സീററ് കിട്ടാത്തതാണ് ചെറിയാൻ സിപിഎമ്മുമായി അകലാൻ കാരണമെന്ന് അഭ്യൂഹമുണ്ട്. പരസ്യമായി തന്നെ രാജ്യസഭ സീറ്റ് ആഗ്രഹം ചെറിയാൻ ഫിലിപ്പ് പങ്കു വെച്ചെങ്കിലും ഇളമരം കരീമിനാണ് സീറ്റ് നൽകിയത്.
കോൺഗ്രസ്സ് രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ചിരുന്ന യുവാക്കളുടെ തീപ്പൊരി നേതാവായിരുന്നു ഒരുകാലത്ത് ചെറിയാൻ ഫിലിപ്പ്. കെഎസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എകെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാന സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് മൽസരിക്കാൻ രണ്ട് ടേം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ്സിൽ ചെറിയാൻ ഫിലിപ്പ് പ്രതിഷേധമുയർത്തുന്നതും പിന്നീട് കോൺഗ്രസ്സ് വിടുന്നതും.
കോൺഗ്രസ്സിൽ പ്രവർത്തിക്കെ കോട്ടയത്തും പിന്നീട് ഇടത് മുന്നണി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും മത്സരിച്ചു. കെ മുരളീധരനെതിരെ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സ് രാഷ്ട്രീയം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ചെരിയാൻ ഫിലിപ്പിന്റെ മടക്കമെന്നതാണ് ശ്രദ്ധേയം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cherian Philip, Congress