• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സുഖമില്ലാതെയായ ആളെ ആശുപത്രിയിലാക്കി, ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടക്കാൻ 55 മിനിറ്റ് ഓട്ടം 33 മിനിറ്റിൽ പൂർത്തിയാക്കി; ഒരു KSRTC നല്ല വാർത്ത

ബസ് ആശുപത്രിയിലേക്ക് പോയതിനാൽ സമയം കുറച്ച് വൈകി. എന്നാൽ, ഒൻപത് മണിക്കുള്ളിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയില്ലെങ്കിൽ പിറ്റേദിവസം രാവിലെ വരെ കാത്തിരിക്കണം. യാത്രക്കാർക്ക് അത് അങ്ങേയറ്റം ബുദ്ധിമുട്ടാകും.

news18
Updated: July 5, 2019, 9:20 PM IST
സുഖമില്ലാതെയായ ആളെ ആശുപത്രിയിലാക്കി, ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടക്കാൻ 55 മിനിറ്റ് ഓട്ടം 33 മിനിറ്റിൽ പൂർത്തിയാക്കി; ഒരു KSRTC നല്ല വാർത്ത
ATK 48
news18
Updated: July 5, 2019, 9:20 PM IST
മൈസൂർ: യാത്രയ്ക്കിടെ സുഖമില്ലാതായ ആളെ ആശുപത്രിയിലാക്കി യാത്രക്കാരെ കൃത്യസമയത്ത് എത്തിച്ച് ഒരു കെ എസ് ആർ ടി സി ബസ് കണ്ടക്ടറും ഡ്രൈവറും. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ATK 48 ബസാണ് ബസിൽ വെച്ച് ബിപി കുറഞ്ഞയാളെ കൃത്യസമയത്ത് നഞ്ചൻകോട് എത്തിച്ചത്. ബസ് ആശുപത്രിയിലേക്ക് പോയതിനാൽ സമയം കുറച്ച് വൈകി. എന്നാൽ, ഒൻപത് മണിക്കുള്ളിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയില്ലെങ്കിൽ പിറ്റേദിവസം രാവിലെ വരെ കാത്തിരിക്കണം. യാത്രക്കാർക്ക് അത് അങ്ങേയറ്റം ബുദ്ധിമുട്ടാകും.

നഞ്ചൻഗോഡിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ രാത്രി 08.25 ആയിരുന്നു. എന്നാൽ, സാധാരണ നിലയിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെയെത്താൻ 50-55 മിനിട്ട് എടുക്കും. പക്ഷേ, ഡ്രൈവർ സുരേഷ് ബാബുവിന്‍റെ സാഹസികതയ്ക്ക് യാത്രക്കാർ കട്ടയ്ക്ക് കൂടെ നിന്നപ്പോൾ സ്പീഡോമീറ്ററിന്‍റെ പരിധികൾ ലംഘിച്ചുകൊണ്ട് കുതിച്ച ബസ് 8.58 ആയപ്പോഴേക്കും ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തി. കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി ഫേസ്ബുക്ക് പേജിൽ കണ്ടക്ടർ കെ.കെ.അജിത് ആണ് ഇക്കാര്യം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ ചുരുക്കം ഇങ്ങനെ,

ഇന്നലെ രാത്രി ഏഴുമണിക്ക് മൈസൂരിൽ നിന്ന് കോഴിക്കോടേക്കുള്ള യാത്രയ്ക്കിടയിൽ നഞ്ചൻഗോഡ് ബസ് സ്റ്റോപ് പിന്നിട്ട് മുന്നോട്ട് പോകുമ്പോൾ ബസിൽ നിന്ന് ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിൽ. പെട്ടെന്ന് തന്നെ കരച്ചിൽ കേട്ട സീറ്റിനടുത്തെത്തി. സ്ത്രീയുടെ ഭർത്താവ് സീറ്റിൽ കുഴഞ്ഞു വീണിരിക്കുന്നു. അവരുടെ ഒന്നര വയസുള്ള പെൺകുട്ടിയും നിർത്താതെയുള്ള കരച്ചിലാണ്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. അദ്ദേഹത്തെ സീറ്റിൽ പിടിച്ചിരുത്താൻ ശ്രമിച്ചപ്പോഴേക്കും അയാൾ അബോധാവസ്ഥയിൽ ആയിരുന്നു. പെട്ടെന്ന് കുറച്ച് വെള്ളം തളിച്ച് അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ബോധം വരികയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു. എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്നു പറഞ്ഞെങ്കിലും 'ഛർദ്ദിക്കാൻ വരുന്ന പോലെയുണ്ട്, പ്രശ്നമൊന്നുമില്ല, സാരമില്ലാ നമുക്ക് യാത്ര തുടരാമെന്ന്' ആയിരുന്നു മറുപടി. ഈ സമയം അദ്ദേഹത്തിന്‍റെ ഭാര്യയും പിഞ്ചുകുഞ്ഞും കരഞ്ഞു കൊണ്ടിരിക്കയായിരുന്നു. യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയത് കൊണ്ടായിരിക്കാം യാത്ര തുടരാമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, ഡ്രൈവർ കെ.ഇ സുരേഷ് ബാബുവും ഞാനും കൂടി ഒരു തീരുമാനത്തിലെത്തി. ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്ന്. കാരണം ഗുണ്ടൽപേട്ട കഴിഞ്ഞാൽ പിന്നെ ഫോറസ്റ്റാണ് കാട് കയറിയാൽ പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവില്ല, അവിടെവെച്ച് വല്ലതും സംഭവിച്ചാൽ?

ഉടൻ തന്നെ ഹൈവേയിൽ നിന്ന് മാറിയുള്ള കലാലെ ജംങ്ഷനിലെ കരുണാലയ ഹോസ്പിറ്റലിന്‍റെ കോമ്പൗണ്ടിനകത്തേക്ക് ഞങ്ങളുടെ ആനവണ്ടി കയറിച്ചെന്നു 'ഒരു കേരളാ ബസ് കർണ്ണാടകയിൽ ഒരു ഹോസ്പിറ്റലിനകത്തേക്ക് കയറി ചെല്ലുന്നത് വിരളമാകാം. പെട്ടെന്ന് തന്നെ യാത്രക്കാരനെ മറ്റ് സഹയാത്രികരുടെ സഹായത്തോടെ താങ്ങിയെടുത്ത് ഹോസ്പിറ്റലിനകത്തേക്ക് എത്തിച്ചു. ആ സമയം യാത്രക്കാരൻ ഛർദ്ദിച്ചു കുഴഞ്ഞു വീണു. പെട്ടെന്ന് തന്നെ ഡോക്ടറെ വീട്ടിൽ നിന്ന് വിളിക്കാൻ ആവശ്യപ്പെടുകയും യാത്രക്കാരനെ ICUവിൽ ആക്കുകയും ചെയ്തു. ഡോക്ടർ ഉടൻ വരികയും പരിശോധനയിൽ BP താഴ്ന്ന് പോയിട്ടുണ്ടെന്നും അഡ്മിറ്റ് ചെയ്യണമെന്ന് അറിയിക്കുകയും ചെയ്തു.

കരഞ്ഞ് നിസ്സഹായതയിൽ നിൽക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യയോട് വിവരങ്ങൾ പറയുകയും ബന്ധുക്കളെ വിളിക്കാൻ സഹായിക്കുകയും ചെയ്ത് അവിടെ നിന്ന് യാത്ര തിരിക്കുമ്പോൾ സമയം 8.25. ഒൻപത് മണിക്കുള്ളിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിയില്ലെങ്കിൽ കാട് അടയ്ക്കും. പിന്നെ ചെക്ക് പോസ്റ്റ് തുറക്കണമെങ്കിൽ നേരം വെളുക്കും. സാധാരണ നിലയ്ക്ക് 50 - 55 മിനുട്ട് ഓട്ടമുണ്ട്. ഡ്രൈവർ സുരേഷ് ബാബു സ്പീഡോമീറ്ററിന്റെ പരിധികൾ ലംഘിച്ചുകൊണ്ട് തിരുവമ്പാടിയുടെ കൊമ്പൻ ATK 48 കുതിക്കുകയാണ്. 8.58 ആയപ്പോഴേക്കും ഞങ്ങൾ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തി.

ഇതിൽ ഞങ്ങളെ സഹായിച്ച യാത്രികരായ മഹേന്ദ്രൻ ഗുണ്ടൽപേട്ട, മുഹമ്മദ് ഇഖ്ബാൽ, മുട്ടിലിലെ ശരിഫിക്ക, പേരറിയാത്ത മറ്റ് യാത്രക്കാർ എന്നിവരെ നന്ദിയോടെ ഓർക്കുന്നു രാത്രി വൈകിയും യാത്രക്കാരന്‍റെ ആരോഗ്യസ്ഥിതി അറിയാൻ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. രാവിലെ ഹോസ്പിറ്റലിൽ നിന്ന് യാത്രക്കാരൻ വിളിച്ചിരുന്നു. ഹൈദരബാദിലെ വാറങ്കലിൽ നിന്ന് വരികയാണെന്നും ബത്തേരി പുൽപ്പള്ളിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഇപ്പോൾ സുഖമുണ്ടെന്നും ഡിസ്ചാർജ്ജ് ആകുമെന്നും പറഞ്ഞ അദ്ദേഹം ചെയ്തു തന്ന ഉപകാരത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

📃കെ.കെ.അജിത്
കണ്ടക്ടർ
കെ.എസ്.ആർ.ടി.സി തിരുവമ്പാടി

First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...