തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പ് ആവശ്യപ്പെട്ടപ്രകാരം സ്വര്‍ണപ്പണയ കാര്‍ഷികവായ്പ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തുകയാണെന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. പലിശസബ്സിഡിയുള്ള സ്വര്‍ണപ്പണയ വായ്പ നിര്‍ത്താനോ പരിമിതപ്പെടുത്താനോ ഉള്ള നിര്‍ദേശവും ഉത്തരവുമൊന്നും ഇതുവരെ സംസ്ഥാനസര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന മന്ത്രി വ്യക്തമാക്കി. ബാങ്കേഴ്സ് സമിതിക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'വായ്പ നിര്‍ത്തരുതെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിട്ടില്ല. കര്‍ഷകര്‍ക്ക് പലിശയിളവോടെ കിട്ടേണ്ട വായ്പ കര്ഷകരല്ലാത്തവര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ.' സുനില്‍കുമാര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കിട്ടിയിരുന്ന വായ്പ കൃഷിമന്ത്രിയുടെ പരാതിയെത്തുടര്‍ന്ന് ഇല്ലാതായെന്ന പ്രചാരണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.
'കര്‍ഷകര്‍ക്ക് ഈടില്ലാതെ 1.6 ലക്ഷംരൂപവരെ വായ്പലഭിക്കുന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഇത് കര്‍ഷകര്‍ക്ക് നല്കാന് ബാങ്കുകള്‍ തയ്യാറാവുന്നില്ല. കേരളത്തിലെ കര്ഷകവായ്പകളില് 63 ശതമാനവും സ്വര്‍ണപ്പണയ വായ്പകളാണ്. സ്വര്‍ണം ഈടുനല്കാനില്ലാത്ത കര്ഷകന് വട്ടിപ്പലിശയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കര്ഷകന് ഭൂമി പണയം നല്കിയാല് വലിയ പലിശയ്ക്കുള്ള കാര്‍ഷികേതര വായ്പകളാണ് ബാങ്കുകള്‍ നല്‍കുന്നത്.' മന്ത്രി പറയുന്നു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളിലേക്ക് മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടതെന്നും ഇതുസംബന്ധിച്ച് രാജ്യവ്യാപകമായി പരാതിയുണ്ടായിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബിലും കേരളത്തിലും കേന്ദ്രസംഘം പഠനം നടത്തിയതെന്നും വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പലിശയിളവ് തട്ടിയെടുത്ത് സാമ്പത്തികലാഭം നേടുന്ന സംഘടിതശക്തികളാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.