സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. കെ.പി.സി.സി നിര്‍ദേശം അനുസരിക്കണമെന്ന് കെ.വി തോമസിനെ ഹൈക്കമാന്‍ഡ് അറിയിച്ചു. വിഷയത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദേശം നല്‍കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
കെപിസിസിയുടെ വിലക്ക് മറികടന്ന് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസ് ശ്രമം നടത്തിയിരുന്നു. കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്കാണ് കെ.വി തോമസിനും ശശി തരൂരിനും സിപിഎമ്മിന്റെ ക്ഷണം ലഭിച്ചത്. എന്നാല്‍ കെറെയില്‍ അടക്കം നിരവധി വിഷയങ്ങളില്‍ സിപിഎമ്മുമായി നിരന്തരം കോണ്‍ഗ്രസ് പോരടിക്കുന്നതിന് ഇടയില്‍ ഇരുവരും സിപിഎം പരിപാടില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിലക്കിയിരുന്നു.
Also Read- തോമസ് മാഷ് സിപിഎമ്മിന് 'കൈ' കൊടുക്കുമോ; സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി
ഇതിന് എതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശമാണ് സോണിയാ ഗാന്ധിയില്‍ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കെ.വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദേശീയ നേതൃത്വത്തെ സമീപിച്ചത്.
അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരും കെ.വി.തോമസും എത്തുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന് വ്യക്തമാക്കി.
CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. കെ.പി.സി.സി നേതൃത്വത്തിന്റെ താത്പര്യം മാനിച്ച് സിപിഎം നേതൃത്വം നല്കുന്ന സെമിനാറില്‍ ശശി തരൂരും കെ.വി തോമസും പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ സെമിനാറില്‍ നിന്ന് പിന്മാറിയത്.
സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും പാർട്ടി തന്നെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എഐസിസി നേതൃത്വവുമായി ആലോചിച്ച് താൻ ആ പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂർ പത്രപ്രസ്താവനയിൽ പറയുന്നു. സമാനരീതിയിൽ ഇക്കുറിയും വിവാദങ്ങളില്ലാതെ വിഷയം അവസാനിപ്പിക്കാമായിരുന്നുവെങ്കിലും ചില കേന്ദ്രങ്ങൾ വിഷയം വിവാദമാക്കി മാറ്റിയെന്നും സിപിഎം പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ നിന്നും വിട്ടു നിൽക്കുന്നതായുള്ളപ്രസ്താവനയിൽ തരൂർ പറയുന്നു.
Also Read- പങ്കെടുക്കാന്‍ തയാറെങ്കില്‍ സ്വാഗതം ചെയ്യുന്നു; വിലക്ക് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരി
വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിന്റെയും പ്രതികരണം. തുടർന്നാണ് സെമിനാറിൽ പങ്കെടുക്കാൻ അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചത്.
സോണിയാഗാന്ധി അനുവദിച്ചാല്‍ സെമിനാറില്‍ പങ്കെടുക്കാമെന്നായിരുന്നു കെ.സുധാകരന്റെ നിലപാട്. കെറെയിലില്‍ അടക്കം ഇടത് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം വേദിയില്‍ എത്തുന്നത് ശരിയായ നടപടി അല്ലെന്നാണ് സുധാകരന് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.