HOME » NEWS » Kerala » AISF DEMANDS REMOVAL OF WOMEN COMMISSION CHAIRPERSON

'ജോസഫൈൻ കേരളത്തിന് അപമാനം'; വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണമെന്ന് AISF

'സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല'

News18 Malayalam | news18-malayalam
Updated: June 24, 2021, 6:42 PM IST
'ജോസഫൈൻ കേരളത്തിന് അപമാനം'; വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണമെന്ന് AISF
എം സി ജോസഫൈൻ
  • Share this:
തിരുവനന്തപുരം: പരാതിക്കാരി ആയ സ്ത്രീയോട് മോശമായി പെരുമാറിയ വനിതകമ്മീഷൻ അദ്ധ്യക്ഷ കേരളീയ സമൂഹത്തിന് അപമാനകരമാണെന്നും തൽസ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കുവാൻ രൂപീകരിച്ച കമ്മീഷൻ്റെ അദ്ധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉൾക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരിച്ചതെന്ന് എ ഐ എസ് എഫ് പ്രസ്താവനയിൽ പറഞ്ഞു.

ആശ്രയമാകേണ്ടവർ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടത്.

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കണമെന്ന് AlSF സംസ്ഥാന പ്രസിഡൻ്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ആവശ്യം. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മീഷനേയും അധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു.

കൊല്ലത്ത് വിസ്മയ എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചാനൽ ചര്‍ച്ചയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ഒരു സ്ത്രീയാണ് പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.
 പ്രമുഖരുടെ പ്രതികരണങ്ങൾ

'ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം': കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

''ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പോലീസ് സ്റ്റേഷനിൽ പോകാനൊ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനെങ്കിലുമൊ ഉള്ള ഭൗതിക സാഹചര്യം ഉണ്ടൊ എന്ന കാര്യത്തിൽ നമുക്കാർക്കും ഉറപ്പില്ല. ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്.

സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണം.
സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം.''


'മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നത്': ബെന്യാമിൻ

'' ആരോടുള്ള കലിപ്പ് തീർക്കാൻ ആണ് 'ശ്രീമതി വനിതാ കമ്മീഷൻ' പരാതി കേൾക്കാനിരിക്കുന്നത്?? മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നത്??''.


'ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു': സംവിധായകൻ ആഷിഖ് അബു

''വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.''
Published by: Anuraj GR
First published: June 24, 2021, 6:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories