തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ പേരിൽ ആരംഭിച്ച ഓപ്പൺ സർവകലാശാല വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിച്ചു വേണം മുന്നോട്ട് പോകാനെന്ന് എ.ഐ.എസ്.എഫ്. ധൃതിപിടിച്ചു കോഴ്സുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും വിദ്യാർഥിസംഘടനകളുമായി ചർച്ചയ്ക്ക് സർക്കാർ തയാറാകണമെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു .
റഗുലർ തലത്തിൽ ഉന്നത വിദ്യാഭാസം നേടുന്നതിൽ ബുദ്ധിമുട്ട് ഉള്ളവരുടെ ഉന്നമനം ലക്ഷമിട്ട് കേരള സർക്കാർ തുടക്കം കുറിച്ച ഓപ്പൺ സർവകലാശാല വിദ്യാർത്ഥികളുടെ ന്യായമായ ആശങ്കകൾക്ക് പരിഹാരം കാണേണ്ടതുണ്ട്. 2020 മുതൽ അധ്യയന വർഷം ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സർവ്വകലാശാല നടത്തുമ്പോൾ കോഴ്സുകളെയും അഡ്മിഷനെയും സംബന്ധിച്ച് നിരവധി പ്രശ്നങ്ങളാണ് നിലവിലുള്ളത്.
കേരളത്തിലെ 4 സർവകലാശാലകളിലായിട്ട് വ്യാപിച്ച് കിടക്കുന്ന വിദൂര വിദ്യാഭാസ കോഴ്സുകളെ ഏകീകരിച്ച് ഒരു കുടക്കീഴിൽ ആക്കുമ്പോൾ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അധികൃതർ തയാറാകണം.
മറ്റ് സർവ്വകലാശാലകളെ അപേക്ഷിച്ച് സംസ്ഥാനം ഒട്ടാകേ വ്യാപിച്ചു കിടക്കുന്നതിനാൽ തന്നെ വിദൂര വിദ്യാഭാസ വിദ്യാർത്ഥികളുടെ അക്കാദമിക്ക് പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോട് കൂടി ഏറ്റെടുത്ത് മുന്നോട്ട് പോകാൻ അധികാരികൾ തയ്യാറാകണം.
ധൃതിപ്പെട്ട് കോഴ്സുകൾ ആരംഭിക്കുന്നതിലുപരി കുറ്റമറ്റ രീതിയിൽ അത് നടപ്പിലാക്കുന്നതിന് വേണം സർവ്വകലാശാല അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഊന്നൽ നൽകേണ്ടത്.
കേരളത്തിലെ വിദൂര വിദ്യാഭാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല, അരികുവത്കരിക്കപ്പെട്ടെ വിദ്യാർത്ഥികളുടെ അക്കാദമിക്ക് ഉന്നമനത്തിനായിട്ടാണ് പ്രവർത്തിക്കേണ്ടതെന്നും ധൃതിപിടിച്ചു കോഴ്സുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും വിദ്യാർത്ഥി സംഘടനകളുമായി ചർച്ചയ്ക്ക് സർക്കാർ തയാറാകണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ . അരുൺബാബുവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aisf, Sree narayana guru university admission, Sreenarayana Guru Deva