കൊച്ചി: രാജ്യദ്രോഹക്കേസില്‍ തനിയ്‌ക്കെതിരായി പോലീസ് വ്യാജതെളിവുകള്‍ സൃഷ്ടിയ്ക്കുമോയെന്ന് അശങ്കയുണ്ടെന്ന് സിനിമാ പ്രവര്‍ത്തകയും ലക്ഷദ്വീപ് സമരപോരാളിയുമായ ഐഷ സുല്‍ത്താന. അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമൊക്കെ പോലീസിന്റെ കൈവശമാണ്. രണ്ടുപകരണങ്ങളിലുള്ള വിവരങ്ങളിലും ആപ്ലിക്കേഷനിലുമൊന്നും കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ ഉണ്ടാവരുതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.
ഡി,വൈ.എഫ്.ഐയ്ക്ക് പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളും ഐഷയെ കൊച്ചിയിലെത്തി കണ്ട് പിന്തുണയര്‍പ്പിച്ചു. സൂസന്‍ കോടി, സതീദേവി, സി. എസ്. സുജാത എന്നിവരടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ജനിച്ച നാടിനായുള്ള ഐഷയുടെ പോരാട്ടത്തിന് എപ്പോഴും ഒപ്പമുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. അസോസിയേഷന്റെ പിന്തുണ പോരാട്ടത്തിനുള്ള പുത്തന്‍ ഉര്‍ജം പകരുന്നതായി ഐഷ അറിയിച്ചു.
ഐഷ നടത്തുന്ന പോരാട്ടത്തിന് നേരത്തെ ഡി വൈ എഫ് ഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമപരമായ പോരാട്ടത്തിനും എല്ലാവിധ സഹായവും ഡി വൈ എഫ് ഐ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസെന്നും സതീഷ് ആരോപിച്ചു.
രാജ്യദ്രോഹക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും പോലീസ് നടപടികൾ അവസാനിക്കാത്തതോടെയാണ് ഐഷയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. മുൻപ് ലക്ഷദ്വീപിലേക്ക് വിളിച്ചു വരുത്തി നാല് തവണ ചോദ്യം ചെയ്ത പോലിസ് വ്യാഴാഴ്ച്ച ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഒപ്പം ഐഷയേയും അനുജനേയും ചോദ്യം ചെയ്ത പൊലീസ് ലാപ്ടോപും മോബൈലും പിടിച്ചെടുത്തു. ഇതോടെയാണ് ഐഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ രംഗത്തെത്തിയത്.
അതേസമയം താൻ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ നാട്ടിൽ നടക്കുന്ന സമരപരിപാടികളിൽ നിന്ന് പിന്മാറില്ലെന്നും ഐഷ സുൽത്താന പ്രതികരിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് കവരത്തി പോലിസിൻ്റെ തീരുമാനം. കേസിൽ യുവമോർച്ച നേതാവ് വിഷുവിനെ തിരുവനന്തപുരത്തെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി. ജെ. പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്. ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്. ഐ. ആറില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.