• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐഷയുടേത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ വിമര്‍ശനം, രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

ഐഷയുടേത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ വിമര്‍ശനം, രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഐഷ നടത്തിയ ഖേദപ്രകടനവും കോടതി മുഖവിലയ്‌ക്കെടുത്തു

ഐഷ സുൽത്താന

ഐഷ സുൽത്താന

  • Last Updated :
  • Share this:
കൊച്ചി: ഐഷ സുല്‍ത്താനയ്ക്കനുകൂലമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. കേസില്‍ ലക്ഷദ്വീപ് പോലീസ് ഉള്‍പ്പെടുത്തിയ 153 Aയില്‍ ഉള്‍പ്പെടുന്ന രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. വിധിയിലെ പ്രസക്തഭാഗങ്ങള്‍ ഇവയാണ്.

'ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചയില്‍ ഉപയോഗിച്ച ബയോവെപ്പണ്‍ പരാമര്‍ശം അടര്‍ത്തി മാറ്റിയ ഒറ്റ വാക്കായി ഉപയോഗിയ്ക്കുന്നതില്‍ കാര്യമില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനമായല്ല, മറിച്ച് കോവിഡ് പ്രതിരോധത്തില്‍ ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ച നടപടികള്‍ക്കെതിരായ വിമര്‍ശനമായി വേണം പ്രസ്താവനയെ കണക്കിലെടുക്കേണ്ടത്. ലക്ഷദ്വീപിലെ കോവിഡ് പ്രതിരോധ സംവിധാനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളേത്തുടര്‍ന്ന് ദ്വീപില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഐഷ സുല്‍ത്താന വിമര്‍ശിച്ചത്. ഒരു ഭരണസംവിധനത്തിനെതിരായ വിമര്‍ശനം ഇന്ത്യന്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി കണക്കാക്കാനാവില്ല.

ഭരണകൂടം നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായി ദ്വീപില്‍ വലിയ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഒരു പ്രത്യേക ജനവിഭാഗത്തെ കേന്ദ്രത്തിനെതിരെ തിരയ്ക്കുന്നതില്‍ ഐഷയുടെ ചാനല്‍ചര്‍ച്ചയിലെ പ്രസ്തവന വഴി തിരിച്ചുവിടുകയോ പ്രത്യേക വിഭാഗത്തിന് സര്‍ക്കാരിനോട് രോഷം തോന്നുകയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യദ്രോഹക്കുറ്റമുള്‍ക്കൊള്ളുന്ന 153A വകുപ്പ് നിലനില്‍ക്കുമോയെന്ന് കോടതിയ്ക്ക് സംശയമുണ്ട്.'ഐഷ സുല്‍ത്താനയുടെ ജാമ്യാപേക്ഷ മാത്രമാണ് കോടതി പരിഗണിയ്ക്കുന്നത്. അതുകൊണ്ടുതന്നെ കേസിലേക്ക് വിശദമായി കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ഐഷ നടത്തിയ ഖേദപ്രകടനവും കോടതി മുഖവിലയ്‌ക്കെടുത്തു. മുന്‍പ് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും ജാമ്യത്തിനുള്ള കാരണമായി. കേസിന്റെ അന്വേഷണത്തോട് പ്രതി നിസഹകരിക്കുമെന്ന ആശങ്ക പ്രോസിക്യൂഷന്‍ പങ്കുവെച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പോലീസിന്റെ ഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടില്ല. തെളിവുകള്‍ നശിപ്പിയ്ക്കുകയോ സാക്ഷികളെ സ്വാധീനിയ്ക്കുകയോ ചെയ്യുമെന്ന ആശങ്കയും പോലീസിനില്ല.

50,000 രൂപയ്ക്കും രണ്ടാള്‍ ജാമ്യത്തിലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലില്‍ ഹാജരാവണമെന്നും മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ ജസ്റ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി. സര്‍ക്കാരുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കുമേലുള്ള വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് അടുത്തകാലത്തുള്ള സുപ്രീംകോടതി ഉത്തരവുകളും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു ചാനലിൽ നടത്തിയ  പരാമർശങ്ങളുടെ പേരിൽ ബി.ജെ.പി. ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്ക്  എതിരെ കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ 'ബയോവെപ്പണ്‍' എന്ന പരാമർശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബി.ജെ.പി. അധ്യക്ഷന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.

രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12A,153B വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ മൂന്നു തവണയായി മണിക്കൂറുകളോളം ചോദ്യം ചെയ്ത ലക്ഷദ്വീപ് പോലീസ് ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ലക്ഷദ്വീപ് വിടുന്നതിന് പോലീസിൻ്റെ അനുമതിയും ലഭിച്ചിട്ടില്ല.

ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനു ശേഷം കോവിഡ്19 കേസുകൾ ഉണ്ടായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
Published by:Meera Manu
First published: