കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ വീണ്ടും ഐഷ സുൽത്താന. ലക്ഷദ്വീപിലെ യാത്രാദുരിതം ഭരണകൂട അജണ്ടയുടെ ഭാഗമാണെന്ന് അവർ ആരോപിച്ചു. ദ്വീപ് ജനതയെ കേരളത്തെ ആശ്രയിക്കുന്നതിൽ നിന്ന് പരമാവധി അകറ്റി നിർത്തുകയാണ് അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെയുള്ളവരുടെ ലക്ഷ്യമെന്നും ഐഷ ആരോപിച്ചു.
ചികിത്സാസൗകര്യം അടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും പരിതാപകരമായ ദ്വീപിൽ പൂർണ്ണ സജ്ജമായ ആശുപത്രി ഇപ്പോഴും അന്യമാണ്. രോഗം ഗുരുതരമായാൽ കേരളത്തെ ആശ്രയിക്കുന്നതാണ് എളുപ്പ വഴി. എന്നാൽ ഇപ്പോൾ അത് ദുഷ്ക്കരമായിരിക്കുകയാണ്. ഏഴു കപ്പലുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടു കപ്പൽ മാത്രമാണുള്ളത്. കേരളത്തിലേക്ക് വരാനും തിരിച്ചു പോകാനമായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട എയർ ആംബുലൻസ് സംവിധാനവും ലഭ്യമല്ല. അതു കൊണ്ടുതന്നെ അടുത്തയിടെ മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് ഇതുവരെയും ഒരു പരിഹാരവും കാണുവാൻ കഴിഞ്ഞിട്ടില്ല. ജനങ്ങൾ അനുഭവിക്കുന്ന ദുരന്ത യാതനകൾ തുടരുകയാണെന്നും അവർ ആരോപിച്ചു.
ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ ദ്വീപിൽ നടപടികൾ തുടരുകയാണ്. തനിക്കെതിരേയുള്ള കേസും ഇതിൻറെ ഭാഗമാണ്, എന്നാൽ അനീതിക്കെതിരെ തൻറെ പോരാട്ടം തുടരും. താൻ പറഞ്ഞ ഒരു വാക്ക് അടർത്തി മാറ്റിയാണ് രാജ്യദ്രോഹത്തിന് കേസെടുത്തത്. ഇത് മേൽക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും ദ്വീപിൽ നടപടികൾക്ക് ഹാജരാകാൻ സമൻസ് അയച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം ലക്ഷദ്വീപ് നിവാസികളുടെ ദുരിത യാത്ര തുടരുകയാണ്. അഡ്മിനിസ്ട്രേഷനു കീഴിൽ ഏഴു കപ്പലുകൾ ഉണ്ടെന്നിരിക്കെ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. എല്ലാ കപ്പലുകളും സർവീസ് നടത്തിയിരുന്നുവെങ്കിൽ 2300 പേർക്കു സഞ്ചരിക്കാമായിന്നു. എന്നാൽ 650 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്. രോഗികളും വിദ്യാർഥികളും ഉൾപ്പെടെ അടിയന്തരമായി ലക്ഷദ്വീപിൽ നിന്ന് യാത്ര ചെയ്യേണ്ടവർ പോലും അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
Also read-
ലക്ഷദ്വീപ് യാത്രാദുരിതം രൂക്ഷമാകുന്നു; ഏഴു കപ്പലുകളിൽ സർവീസ് നടത്തുന്നത് രണ്ടെണ്ണം മാത്രം
പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയതോടെയാണ് സർവീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചത് . സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി കൊണ്ടിരുന്ന കൊച്ചിൻ ഷിപ്പയാർഡിന് അഡ്മിനിസ്ട്രേഷൻ പണം അനുവദിക്കാത്തതും പ്രശ്നമായി .
ലക്ഷദ്വീപ് നിവാസികളുടെ താല്പര്യങ്ങൾക്കു വിരുദ്ധമായ നിലപാടുകൾ എന്നും സ്വീകരിച്ചു പോരുന്ന പ്രഫുൽ ഖോഡ പട്ടേൽ , കപ്പൽ വിഷയത്തിലും ഇതേ സമീപനമാണ് കൈക്കൊള്ളുന്നതെന്നാണ് എൻ സി പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ആരോപണം . ദ്വീപ് നിവാസികൾക്ക് യാത്രാദുരിതം അടിച്ചേൽപ്പിച്ചത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.