• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AIYF

Rahul Gandhi's Office attack | രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AIYF

'പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാൻ കഴിയാത്തതും എതിർക്കപ്പെടേണ്ടതുമാണ്'

  • Last Updated :
  • Share this:
    തിരുവനന്തപുരം: വയനാട് പാർലിമെന്റ് മെമ്പറും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് അക്രമിച്ച നടപടി അപലപിക്കപ്പെടേണ്ടതും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐവൈഎഫ്. എം.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉയർത്തിപ്പിടിച്ച വിഷയം യഥാർത്ഥത്തിൽ ഒരു വിദ്യാർത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ഇക്കാര്യത്തിൽ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായ ട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

    പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാൻ കഴിയാത്തതും എതിർക്കപ്പെടേണ്ടതുമാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന്റെ പേരിൽ കേരളത്തെ കലാപ ഭൂമിയാക്കാനുള്ള കോൺഗ്രസ് - യൂത്ത് കോൺഗ്രസ് ശ്രമവും ഒട്ടും അംഗീകരിക്കാൻ കഴിയുന്നതല്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ട്. വയനാട്ടിൽ എം.പിയുടെ ഓഫീസ് അക്രമിക്കാൻ നേതൃത്വം കൊടുത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് AIYF സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും ആവശ്യപ്പെട്ടു.

    'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

    മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

    വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23-ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണില്‍ യാഥാര്‍ത്ഥത്തില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്ന് വി ഡി സതീശൻ പറഞ്ഞു.

    Also Read- രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസില്‍ SFI അക്രമം; ജീവനക്കാരനെ മര്‍ദ്ദിച്ചു; ഫര്‍ണീച്ചറുകള്‍ അടിച്ചു തകര്‍ത്തു; പൊലീസ് ലാത്തിച്ചാർജ് നടത്തി

    വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
    Published by:Anuraj GR
    First published: