തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ കെ. ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. മന്ത്രി ഒരുതരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ത്രീപീഡനം ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് നൽകിയ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് സഭയില്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.
എൻ സി പി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു. എൻ സി പി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കൈയിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഉപവാസമനുഷ്‌ഠിച്ച ഗവർണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ, അത് ഗാന്ധിയൻ സമരമാണെന്നും, ഇത് സർക്കാരിനെതിരെയുള്ള നീക്കമായി ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പാർട്ടി കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാൽ അപ്പുറത്ത് ഇത് മറ്റിടങ്ങളിൽ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നായിരുന്നു അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി സി വിഷ്‌ണുനാഥിന്‍റെ ആരോപണം. എ കെ ശശീന്ദ്രൻ രാജി വയ്ക്കണം, അതല്ലെങ്കിൽ മുഖ്യമന്ത്രി ശശീന്ദ്രന്‍റെ രാജി എഴുതിവാങ്ങണം. പരാതികൾ അന്വേഷിക്കാൻ പാർട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോയെന്ന് ചോദിച്ച വിഷ്‌ണുനാഥ് പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് പൊലീസ് നൽകിയത് കളവായ റിപ്പോർട്ടാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മന്ത്രി പീഡനപരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് വാർത്ത. നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചത്. പീഡന പരാതി ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്‌ണുനാഥ് സഭയിൽ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. വിഷയത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സഭയിൽ തലകുനിച്ചിരിക്കുകയാണ്. പരാതികളിൽ മന്ത്രിമാർ ഇടപെടുകയാണെന്നും ഇതോണോ സ്‌ത്രീപക്ഷമെന്നും സതീശൻ ചോദിച്ചു. പരാതിക്കാരെ വിളിച്ച് പരാതി ഒതുക്കലാണോ മന്ത്രിമാരുടെ പണി. പോലീസ് മുഖ്യമന്ത്രിയെ പറ്റിക്കുകയാണ്. പോലീസിന്റെ കള്ള റിപ്പോര്‍ട്ട് വായിക്കാന്‍ വിധിക്കപ്പെട്ടവനായി മുഖ്യമന്ത്രി മാറുന്നു. വേട്ടക്കാര്‍ക്ക് ഒപ്പമാണ് സര്‍ക്കാരെന്നും സതീശന്‍ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kundara, Minister ak saseendran, Niyamasabha, Opposition leader VD Satheesan