തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കളുടെ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ. എന്നാൽ, ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ഇനി കായികമത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും ബന്ധുക്കളും. പവർ ലിഫ്റ്റിങ് കായികതാരങ്ങൾക്ക് വേണ്ട രീതിയിൽ അഖിലിന് ശ്വാസമെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തി. ഖരരൂപത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ അഖിൽ കഴിച്ചുതുടങ്ങിയിട്ടുണ്ട്.
അഖിലിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ഇതേ തുടർന്ന് ഹൃദയത്തിന്റെ സംരക്ഷണവലയമായ പെരികാർഡിയത്തിൽ പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഖിലിന്റെ ആരോഗ്യനില മൂന്നു ദിവസത്തിനുശേഷമാണ് മെച്ചപ്പെട്ടത്. ഓൾ ഇന്ത്യഫെഡറേഷൻ നാഷണൽ സബ് ജൂനിയർ പവർലിഫ്റ്റിങ്, ജൂനിയർ സൗത്ത് ഇന്ത്യ പവർ ലിഫ്റ്റിങ്, കേരള സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് തുടങ്ങിയ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ സ്വർണവും വെള്ളിയും നേടിയ കായികതാരമാണ് അഖിൽ.
അതേസമയം, കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം അഖിലിൽ നിന്നും ഇന്ന് മൊഴിയെടുക്കും. രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി അഖിലിനെ കാണും. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം അഖിലിനെ കാണാനുള്ള സമയം തേടിയത്. മൊഴിയെടുക്കലിന് ഏറെ സമയം എടുക്കരുതെന്ന നിർദേശം ഡോക്ടർമാർ നൽകിയിട്ടുണ്ട്. അഖിലിന്റെ മൊഴിയെടുക്കൽ വൈകുന്നതിനെതിരെ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.