HOME /NEWS /Kerala / അക്കിത്തം മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനവുമായി പ്രമുഖർ

അക്കിത്തം മനുഷ്യസ്നേഹത്തിന്റെ മഹാകവിയെന്ന് മുഖ്യമന്ത്രി; അനുശോചനവുമായി പ്രമുഖർ

News18 Malayalam

News18 Malayalam

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

  • Share this:

    അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അക്കിത്തത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെയാണ് അന്തരിച്ചത്.

    Also Read- ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അന്തരിച്ചു

    'മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന രചനകൾ' : രമേശ് ചെന്നിത്തല

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പുതിരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അത്യുജ്ജല രചനകൾ അയിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യ ദുഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ച കവികൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല. ജ്ഞാനപീഠം ലഭിച്ചു മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. അക്കിത്തത്തിന്റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്തമിച്ചതെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

    'കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരൻ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

    അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുശോചിച്ചു. കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം എന്നും സ്പീക്കർ അനുസ്മരിച്ചു. ജ്ഞാനപീഠം അവാർഡു ലഭിച്ച വാർത്ത വന്ന അന്നു തന്നെ വസതിയിലെത്തി അക്കിത്തത്തെ സന്ദർശിച്ചിരുന്നു. സാഹിത്യപ്രേമികളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുച്ചേരുന്നതായും അദ്ദേഹം പറഞ്ഞു.

    'മൂല്യാധിഷ്‌ഠിതമായ കാവ്യഭാവനയ്‌ക്ക്‌ ഉടമ': മുല്ലപ്പള്ളി രാമചന്ദ്രൻ

    എട്ടുപതിറ്റാണ്ടത്തെ കാവ്യസപര്യക്കാണ്‌ വിരാമമായത്‌. വിശ്വമാനവികതയുടെ സ്‌നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച ഇതിഹാസമായിരുന്നു അദ്ദേഹം. മൂല്യാധിഷ്‌ഠിതമായ കാവ്യഭാവനയ്‌ക്ക്‌ ഉടമ. മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്‌ നമ്മെ വിട്ടുപിരിയുന്നത്‌. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു. അക്കിത്തത്തിന്റെ വേര്‍പാട്‌ മലയാള സാഹിത്യലോകത്തിന്‌ നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

    'ജ്ഞാന പ്രഭ ചൊരിഞ്ഞു നിന്ന പ്രകാശഗോപുരം': പി.പി. മുകുന്ദൻ

    അക്കിത്തത്തിന്റെ വേർപാട് കേരളത്തിനു മാത്രമല്ല, ഭാരതത്തിനാകമാനം തീരാ നഷ്ടമാണെന്ന് പി.പി.മുകുന്ദൻ. ധന്യമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം വെറുപ്പിന്റെ തത്വ ശാസ്ത്രത്തിനെതിരായ നിലപാടുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. സംഘ പരിവാർ പ്രസ്ഥാനത്തിന്റെ ആത്മ ബന്ധു കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ആർഎസ്എസിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പരംപൂജനീയ സർസംഘചാലകിനൊപ്പം ചടങ്ങിൽ അധ്യക്ഷനാവാൻ അദ്ദേഹത്തെ താൻ ക്ഷണിച്ചു. അന്ന് അദ്ദേഹം ചോദിച്ചത്, അകത്ത് വന്ന് സംഘത്തിന്റെ മേന്മകൾ പറയുന്നതിലും ഗുണകരം പുറത്തു നിന്നു പറയുന്നതല്ലേ എന്നായിരുന്നു. അത് ശരിയുമായിരുന്നു. അക്കാലത്ത് സംഘത്തെപ്പറ്റി സമൂഹത്തിലുള്ള തെറ്റിദ്ധാരണ മാറ്റുന്നതിന് അക്കിത്തത്തെ പോലെയുള്ള മഹാത്മാക്കളുടെ മാർഗനിർദ്ദേശങ്ങൾ വളരെ സഹായകമായിട്ടുണ്ടെന്നും മുകുന്ദൻ അനുസ്മരിച്ചു. ജ്ഞാന പ്രഭ ചൊരിഞ്ഞു നിന്ന പ്രകാശഗോപുരം പെട്ടെന്ന് അണഞ്ഞ പ്രതീതിയാണ് അക്കിത്തത്തിന്റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്.

    First published:

    Tags: Akkitham, Akkitham Achuthan Namboothiri