ആലപ്പുഴ: ആലപ്പുഴയില്‍(Alappuzha) നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിന്റെ(Rahul) അച്ഛന് എ കെ രാജുവിനെ(AK Raju) വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജു ജീവനൊടുക്കിയത്. താന്‍ ആത്മഹത്യ(Suicide) ചെയ്യാന്‍ പോകുവാണെന്ന് ഭാര്യ മിനിയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഉടന്‍ മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെയാണ് 2005 മേയ് 18ന് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. വീടിന് സമീപത്തെ പറമ്പില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു മൂന്നാംക്ലാസുകാരനായ രാഹുല്‍. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും വിവരങ്ങള്‍ ഒ്ന്നും തന്നെ കണ്ടെത്താനായില്ല.
രാഹുലിന്റെ മുത്തച്ഛന് ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല. രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ തട്ടിക്കൊണ്ടു പോകുന്നത് കണ്ടിരുന്നതായി മൊഴി നല്‍കിയിരുന്നെങ്കിലും പിന്നീട് മൊഴിമാറ്റി.
കേസില്‍ സംശയിക്കപ്പെട്ട അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയില്‍ മുത്തച്ഛന് ശിവരാമ പണിക്കരും മരിച്ചിരുന്നു. രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു.
പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടതിനെ തുടര്ന്് രാജു ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു - മിനി ദമ്പതികള്‍ക്ക് പെണ്‍കുട്ടി ജനിച്ചിരുന്നു. ശിവാനി എന്ന് പേരുള്ള ഈ പെണ്‍കുട്ടി ഇപ്പോള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മിനി കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്. രാജുവിന്റെ വിയോഗത്തോടെ തളര്‍ന്ന് പോകുന്നത് മിനിയും ശിവാനിയുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.