കേരളത്തിലെ ആനപ്രേമികളുടെ ഹീറോയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. 13 പേരെ കൊലപ്പെടുത്തിയെങ്കിലും നിരവധി ആരാധകരാണ് തെച്ചിക്കോടിനുള്ളത്. കഴിഞ്ഞ ദിവസം തൃശൂരില്‍ രണ്ടു പേരെ കൊലപ്പെടുത്തിയതോടെയാണ് ഈ ഗജരാജന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആദ്യ ആന എന്ന റെക്കോഡും തെച്ചിക്കോടിന്റെ പേരിലാണ്.
'ഏകഛത്രാധിപതി' പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സ്വദേശം ബീഹാറാണ്. മോട്ടിപ്രസാദ് എന്നായിരുന്നു പഴ പേര്. കേരളത്തില്‍ എത്തിയതോടെ തലയെടുപ്പിനൊത്ത പേര് ഏറ്റവും ഉയരമമുള്ള ഈ ഗജരാജന്‍ ചാര്‍ത്തിക്കൊടുകയായിരുന്നു. 1979 ല്‍ തൃശൂര്‍ സ്വദേശിയായ വെങ്കിടാദ്രി സമാമിയാണ് മോട്ടിപ്രസാദിനെ ബിഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നും കേരളത്തിലെത്തിച്ചത്. മോട്ടിപ്രസാദിന് വെങ്കിടാദ്രി ഗണേശന് എന്ന പേരുമിട്ടു. 1984-ല്‍ ആണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ഗണേശനെ നടക്കിരുത്തിയത്. ഇതോടെ ഗണേശന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി.
സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 317 സെന്റീമീറ്ററാണ് ഇരിക്ക സ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന് 340 സെന്റീമീറ്ററോളം നീളമുണ്ട്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യുമൊക്കെ രാമചന്ദ്രനെ ഗജരാജനാക്കിയത്. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിലെ പ്രധാന ചടങ്ങായ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കുന്നതും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്.
തെച്ചിക്കോട്ടെത്തി അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്മാരെ വകവരുത്തി. ഇതു കൂടാതെ നാല് സ്ത്രീകളും ഒരു വിദ്യാര്‍ഥിയും ആക്രണത്തില്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും കൊല്ലപ്പെട്ടത്.
വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും ഇടതു കണ്ണിന്റേത് ഭാഗീകമായും നഷ്ടമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.
കഴിഞ്ഞ ദിവസം തൃശൂരിലെ ഗൃഹപ്രവേശന ചടങ്ങിനെത്തിച്ചപ്പോഴാണ് തെച്ചിക്കോട്ടു രാമചന്ദ്രന് വീണ്ടും ഇടഞ്ഞത്. എഴുന്നള്ളത്തിനിടെ പടക്കം പൊട്ടിച്ചതാണ് ആനയെ അക്രമാസക്തനാക്കിയത്. മുന്നില്‍ അകപ്പെട്ട നാരായണ പട്ടേരിയെ ചവിട്ടിയരച്ചു. ആക്രമണത്തില്‍ പരുക്കേറ്റഗംഗാധരന് ചികിത്സയ്ക്കിടെയാണ് മരിച്ചത്. 2009 ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ക്ഷേത്രത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേവര്‍ഷം എറണാകുളത്തപ്പന് ക്ഷേത്രത്തിലും തെച്ചിക്കോട് ഇടഞ്ഞു. അന്നും ഒരു സ്ത്രീ മരിച്ചു. 2013-ല്‍ പെരുമ്പാവൂരിലെ കുറുപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടെ മൂന്നു സ്ത്രീകളാണ് രാമചന്ദ്രന്റെ കുത്തേറ്റ് മരിച്ചത്. ഈ കേസിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കോടതി ജാമ്യം അനുവദിച്ചതും. പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി. അങ്ങനെ കൊലക്കേസില്‍ ആദ്യമായി ജാമ്യത്തില്‍ ഇറങ്ങിയ ആനയെന്ന റെക്കോഡും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് സ്വന്തമാക്കി.
Also Read
വീട്ടുകാരന്റെ പൊങ്ങച്ചം വിരുന്നുകാരന്റെ ജീവനെടുത്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.