Marriageable Age for Women | 'ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയും'; വിവാഹപ്രായം ഉയർത്തുന്നതിനെതിരെ മഹിളാ അസോസിയേഷൻ
Marriageable Age for Women | 'ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയും'; വിവാഹപ്രായം ഉയർത്തുന്നതിനെതിരെ മഹിളാ അസോസിയേഷൻ
All India Democratic Women's Association AIDWA oppose raising marriageable age of girls to 21 | ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദം തെറ്റെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി
പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം (Marriageable Age for Women) 21 വയസ്സാക്കാനുള്ള തീരുമാനത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മറ്റി (All India Democratic Women's Association- AIDWA). പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകും എന്ന് മഹിളാ അസോസിയേഷന്റെ നിരീക്ഷണം. സംഘടനയുടെ ഔദ്യോഗിക പ്രസ്താവന ചുവടെ:
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് AIDWA ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ല.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകുമെന്നതിനാൽ ഈ നീക്കം യഥാർത്ഥത്തിൽ വിപരീതഫലമുണ്ടാക്കും.
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന ഈ സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കും.
പഠനങ്ങളും നമ്മുടെ പൂർവ അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ പോലും പലതരത്തിൽ ക്രിമിനൽവൽക്കരിക്കപ്പെടുന്നു എന്നതാണ്. ഇവ പലപ്പോഴും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയായി ചിത്രീകരിക്കപ്പെടുകയും തുടർന്ന് ബന്ധങ്ങൾ തകരുകയും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കും.
ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് AIDWA മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയമാക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു.
വിവാഹപ്രായം വർധിപ്പിക്കാനുള്ള ഈ നീക്കം ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികൾക്ക് മതിയായ വിഭവങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, ജനനം മുതൽ സ്ത്രീകളുടെ പോഷകാഹാര നിലവാരം കുറവാണെങ്കിൽ, 21-ാം വയസ്സിൽ വിവാഹിതരാകുകയും അതിനുശേഷം കുട്ടികൾ ഉണ്ടാകുന്നതും വഴി മാതൃ -ശിശു ആരോഗ്യമോ മരണനിരക്കോ മെച്ചപെടുത്താൻ കഴിയില്ല.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ സർക്കാർ നീക്കം പിൻവലിക്കണമെന്ന് AIDWA ആവശ്യപ്പെടുന്നു.
മറിയം ധവള ജനറൽ സെക്രട്ടറി മാലിനി ഭട്ടാചാര്യ പ്രസിഡണ്ട് അഡ്വ. കീർത്തി സിംഗ് ലീഗൽ അഡ്വൈസർ
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.