നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി: വിദഗ്ധ സമിതിയെ നിയോഗിക്കാൻ ധാരണ; നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

  80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി: വിദഗ്ധ സമിതിയെ നിയോഗിക്കാൻ ധാരണ; നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

  കേരള കോൺഗ്രസ് എം, പി ജെ ജോസഫ് വിഭാഗം, ബിജെപി എന്നിവർ വിധി നടപ്പാക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തിൽ ധാരണ.

   ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

   നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ യാതൊരു കുറവും വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് കൂടി ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ യോഗത്തിൽ ആവശ്യപ്പെട്ടു. നിയമപരമായ പരിശോധന നടത്തി സർക്കാർ ഒരു പദ്ധതി തയാറാക്കണം. പ്രസ്തുത പദ്ധതി നിർദേശം സമുദായ നേതാക്കളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി സമന്വയത്തിൽ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് ശൂരനാട് രാജശേഖരനും യോഗത്തിൽ പങ്കെടുത്തു.

   Also Read- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 135 മരണം കൂടി;  ഇന്ന് രോഗം സ്ഥിരീകരിച്ചത്  16,229 പേർക്ക്

   സമുദായ സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ വിഷയത്തെ ഉപയോഗിക്കരുതെന്ന് യോഗത്തിന് ശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സർവകക്ഷി യോഗത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കരട് നിർദേശമുണ്ടായില്ല. അഭിപ്രായം തേടുക മാത്രമാണ് ചെയ്തത്. നിയമ പരിരക്ഷയുളള പദ്ധതി സർക്കാർ കൊണ്ട് വരണം. എല്ലാവരുമായി സംസാരിച്ച് സമവായമുണ്ടാക്കണം. അങ്ങനെ പദ്ധതി കൊണ്ട് വന്നാൽ പ്രതിപക്ഷം പിന്തുണക്കും. വിഭാഗങ്ങൾക്ക് ലഭ്യമായികൊണ്ടിരിക്കുന്ന ആനുകൂല്യത്തിൽ കുറവ് വരുത്തരുതെന്നും വി ഡി സതീശൻ പറഞ്ഞു.

   കേരള കോൺഗ്രസ് എം, പി ജെ ജോസഫ് വിഭാഗം, ബിജെപി എന്നിവർ വിധി നടപ്പാക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം, സ്കോളർഷിപ്പ് പുനസ്ഥാപിക്കാൻ വേഗത്തിൽ നടപടി വേണമെന്ന് ഐ എൻ എൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പ് മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാൽ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നും മുസ്ലിം ലീഗ് പറഞ്ഞു. സർവ കക്ഷി യോഗത്തിൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു.

   പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സിപി.എം) ശൂരനാട് രാജശേഖരന്‍ (കോൺഗ്രസ്), കാനം രാജേന്ദ്രന്‍ (സിപിഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പിജെ ജോസഫ് (കേരള കോൺഗ്രസ്) പി സി ചാക്കോ (എന്‍സിപി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ജോര്‍ജ് കുര്യന്‍ (ബിജെപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ്(ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍.എസ്.പി) എന്നവര്‍ യോഗത്തില്‍ സംസാരിച്ചു.
   Published by:Rajesh V
   First published: