• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Pala By-Election | പാലാ വോട്ടെടുപ്പ്: പുതുമകൾ എന്തെല്ലാം

പാലാ തെരഞ്ഞെടുപ്പിന് ഒട്ടനവധി പുതമുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

news18-malayalam
Updated: September 21, 2019, 6:53 PM IST
Pala By-Election | പാലാ വോട്ടെടുപ്പ്: പുതുമകൾ എന്തെല്ലാം
news18
  • Share this:
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോട്ടയം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ പി കെ സുധീര്‍ബാബു വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബര്‍ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ മുഴുവന്‍ സമ്മതിദായകരെയും പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആവശ്യമായ സൌകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുവാനുള്ള പുതിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച എം3 വോട്ടിംഗ് മെഷീനുകളും വി.വി.പാറ്റുകളും ഫസ്റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫസ്റ്റ് ലെവല്‍ ചെക്കിംഗ് കഴിഞ്ഞ 5% മെഷിനുകളില്‍ 1000 വോട്ട് വീതം ചെയ്ത് മോക്ക് പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിംഗ് മെഷീനില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പാലാ തെരഞ്ഞെടുപ്പിന് ഒട്ടനവധി പുതമുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് മെഷിന്‍ ഉണ്ടെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. കാഴ്ച ശക്തി കുറഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സഹായം, വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്ത്, 5 മാതൃകാ പോളിംഗ് ബുത്തുകള്‍ എന്നിവയും മണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വനിതകള്‍ ആയിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗ് ഏജന്റായി വനിതകളെ നിയമിക്കുവാന്‍ സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളോടൊപ്പം വനിതാ കാത്തിരിപ്പ് കേന്ദ്രം, ഫീഡിംഗ് റൂം, കുട്ടികള്‍ക്കുള്ള ക്രഷ് തുടങ്ങിയ സൌകര്യങ്ങള്‍ എന്നിവ മാതൃകാ പോളിംഗ് സ്റ്റേഷനുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പ് മണ്ഡലത്തില്‍ പൂര്‍ത്തിയായി വരുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് വീടുകളിലെത്തി സ്ലിപ്പുകള്‍ ലഭ്യമാക്കും. ടി സ്ലിപ്പ് പാര്‍ട്ട് നമ്പര്‍ അറിയുന്നതിനായി മാത്രമേ ഉപയോഗിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് കൂടാതെ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാന്‍കാര്‍ഡ്, തൊഴിലുറപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍, എം.പി./എം.എല്‍.എ. മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയില്‍ രേഖയായി പോളിംഗ് ബുത്തില്‍ ഉപയോഗിക്കാവുന്നതാണ്. നാട്ടില്‍ ഇല്ലാത്ത വോട്ടര്‍മാരുടെയും മറ്റും വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ ഡ്യൂപ്ലിക്കേഷന്‍, കള്ളവോട്ട് എന്നിവ ഒഴിവാക്കാന്‍ ഇത്തരം സംവിധാനം പ്രയോജനപ്പെടും.

കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പര്‍

കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യുന്നതിന് ഒരോ പോളിംഗ് ബൂത്തിലും ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമായിരിക്കും. ഇത് വായിച്ച് ബാലറ്റിലെ ക്രമനമ്പര്‍ മനസ്സിലാക്കി വോട്ടിംഗ് മെഷീന്റെ സൈഡിലുള്ള ബ്രെയിലി ലിപിയിലുള്ള നമ്പര്‍ മനസ്സിലാക്കി വോട്ട് രേഖപ്പെടുത്താവുന്നതാണ്.

Loading...

ഭിന്നശേഷിയുള്ളവരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ സംവിധാനം

മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഒട്ടേറെ സൌകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത ആളുകള്‍ക്ക് വീട്ടിലെത്തി വോട്ടിംഗിന് കൊണ്ടുപോകുന്ന സമയം വരെ രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടര്‍ സ്ലിപ്പ് ബി.എല്‍.ഒ. മാര്‍ മുഖേന വിതരണം ചെയ്തു വരുന്നു. ഈ വിഭാഗത്തില്‍ പ്പെട്ടവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി റൂട്ട് ഓഫീസര്‍, എന്‍.എസ്.എസ്. വോളിയന്റിയര്‍മാര്‍, ബി.എല്‍.ഒ. മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനാവശ്യമായ വാഹനങ്ങള്‍, വീല്‍ചെയറുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

പൊതു നിര്‍ദ്ദേശങ്ങള്‍

-തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിന് പുറത്തു നിന്ന് എത്തിയിട്ടുള്ള മണ്ഡലത്തിലെ വോട്ടറല്ലാത്ത എല്ലാ രാഷ്ട്രീയ പ്രചാരകരും പരസ്യ പ്രചരണം അവസാനിച്ചാല്‍ ഉടന്‍ തന്നെ മണ്ഡലം വിട്ടു പോകേണ്ടതാണ്.
-പോളിംഗ് സ്റ്റേഷന്റെ 200 മീറ്ററിനപ്പുറം മാത്രമെ പാര്‍ട്ടികളുടെ ബൂത്ത് സ്ഥാപിക്കാവൂ.
-പോളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളില്‍ വോട്ട് ക്യാന്‍വാസ് ചെയ്യുവാന്‍ പാടില്ല.
-പോളിംഗിനു വേണ്ടി വോട്ടര്‍മാരെ സ്ഥാനാര്‍ത്ഥികളോ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളോ വാഹനങ്ങളില്‍ എത്തിക്കുവാന്‍ പാടുള്ളതല്ല.
-പോളിംഗ് ഏജന്റുമാര്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
- ഇലക്ഷന്‍ ദിവസം വോട്ടര്‍മാര്‍ അല്ലാതെ സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമെ ബൂത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ
-പോളിംഗ് സ്റ്റേഷന്റെ 200 മീറ്ററിനുള്ളില്‍ പോസ്റ്റര്‍, ബാനര്‍, ചുമരെഴുത്ത് എന്നിവ പാടില്ല.

പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ നടപടിക്രമങ്ങള്‍, മെഷീന്‍ തകരാറുകള്‍, കൃത്യമായ ഇടവേളകളിലെ പോളിംഗ് ശതമാനം മേലുദ്യോഗസ്ഥരെ ഇതിലൂടെ അറിയിക്കാവുന്നതാണ്.

റിട്ടേണിംഗ് ഓഫീസര്‍ എസ്. ശിവപ്രസാദ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഇ. ദില്‍ഷാദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍. വൃന്ദാദേവി, മിഡിയ കമ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, തഹസില്‍ദാര്‍ കെ. നവീന്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
First published: September 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...